fvh

വർക്കല: സ്ത്രീകളുടെ സുരക്ഷിതത്വത്തിനായി വർക്കല നഗരസഭ മുൻകൈയെടുത്ത് 2019-ൽ നിർമ്മാണം ആരംഭിച്ച ഷീ ലോഡ്ജിന്റെ രണ്ടാംഘട്ട നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. ദൂരെ നിന്ന് വർക്കലയിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി തങ്ങുന്നതിനുവേണ്ടിയാണ് ഷീ ലോഡ്ജ് പദ്ധതി മുന്നോട്ടുവച്ചത്.

അതിനു വേണ്ടിയാണ് 2018- 2019 സാമ്പത്തിക വർഷത്തെ നഗരസഭാ ബഡ്ജറ്റിൽ അടങ്കൽത്തുകയായി 40 ലക്ഷം രൂപ വകയിരുത്തിയത്. പ്രാരംഭഘട്ടമെന്ന നിലയിൽ ഏകദേശം16 ലക്ഷത്തോളം രൂപ വിനിയോഗിച്ച് ഒന്നാം നിലയുടെ നിർമ്മാണം ഏറക്കുറെ നടത്തിയെങ്കിലും പൂർത്തീകരിച്ചില്ല.

2 നില കെട്ടിടമാണ് പദ്ധതിയിൽ വിഭാവനം ചെയ്തത്. 2019- 2020 -ലെ നഗരസഭാ ബഡ്ജറ്റിൽ ഷീ ലോഡ്ജിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപ കൂടി വകയിരുത്തിയിരുന്നു. ഒരു നില കെട്ടിടത്തിന്റെ അവശേഷിക്കുന്ന പണികൾ നിറുത്തിവച്ചിട്ട് വർഷങ്ങൾ ഏറെയായി. നിർദിഷ്ഠ കെട്ടിടം കാട്ടുചെടികളും വള്ളിപ്പടർപ്പുകളും കയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായും രാത്രി സാമൂഹ്യ വിരുദ്ധർക്ക് മദ്യപിക്കുന്നതിനുള്ള ഇടമായും മാറി. വർക്കല റെയിൽവേ സ്റ്റേഷന് സമീപം ബസ് സ്റ്റാൻഡ് സ്ഥിതിചെയ്യുന്ന നഗരസഭയുടെ 12 സെന്റ് ഭൂമിയിലാണ് ഷീ ലോഡ്ജ് നിർമ്മിക്കുന്നത്.

പ്രമുഖ തീർത്ഥാടന - ടൂറിസം കേന്ദ്രമായ വർക്കലയിൽ ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന വനിതകൾക്കും നഗരസഭാ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾക്കും വേണ്ട സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് വർക്കലയിൽ ഷീ ലോഡ്ജ് പദ്ധതി ലക്ഷ്യമിട്ടത്. പുതിയ ഭരണസമിതി വന്ന് മാസങ്ങൾ പിന്നിട്ടിട്ടും വിഭാവനം ചെയ്ത പദ്ധതി പൂർത്തീകരിക്കാനായില്ല. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കരകയറാതെ ഷീ ലോഡ്ജ്

2018- 2019 നഗരസഭ ബഡ്ജറ്റ്...

അടങ്കൽ തുകയായി 40 ലക്ഷം രൂപ

പ്രാരംഭ ഘട്ടചെലവ് ...16 ലക്ഷം

*ഒന്നാം നിലയുടെ നിർമ്മാണം

*ഫലം... നിർമ്മാണം പൂർത്തീകരിച്ചില്ല.

2019- 2020 -ലെ നഗരസഭാ ബഡ്ജറ്റ്

ഷീ ലോഡ്ജിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് .... 30 ലക്ഷം

ഫലം ...അവശേഷിക്കുന്ന പണികൾ നിറുത്തിവച്ചു

ഉയർത്തിക്കാട്ടിയ പദ്ധതി ഉയർന്നില്ല

കഴിഞ്ഞ ഭരണസമിതിയുടെ നഗരസഭാ ബഡ്ജറ്റിൽ പ്രമുഖ നേട്ടങ്ങളിലൊന്നായി ഉയർത്തിക്കാട്ടിയ പദ്ധതിയാണ് എങ്ങുമെത്താതെ പാതിവഴിയിൽ കിടക്കുന്നത്. കഴിഞ്ഞ ഭരണസമിതി അദ്ധ്യക്ഷ മുൻകൈയെടുത്ത് നിർമ്മാണം തുടങ്ങി കാലാവധിക്ക് മുൻപ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും കാര്യങ്ങൾ വേഗത്തിൽ നീങ്ങിയില്ല. ഏറക്കുറെ പണി പൂർത്തീകരിച്ച കെട്ടിടത്തിൽ അവശേഷിക്കുന്ന പണികൾ പൂർത്തിയാക്കാൻ മതിയായ തുക മാറ്റിവച്ചെങ്കിലും തുടർ നടപടികളായില്ല.

വർക്കലയിൽ നിർമ്മാണം നിറുത്തി വച്ചിരിക്കുന്ന ഷീ ലോഡ്ജിന്റെ രണ്ടാംഘട്ട നിർമ്മാണം ഉൾപ്പെടെയുള്ള പണികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് അധികൃതർ തയാറാകണം.

സീമ,

( എസ്.എൻ.ഡി.പി ശിവഗിരി യൂണിയൻ വനിതാസംഘം സെക്രട്ടറി)