തിരുവനന്തപുരം: കോർപറേഷനിലെ നികുതിവെട്ടിപ്പിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തുന്ന സമരം ശക്തമായി തുടരുമെന്ന് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ ജില്ലയിലെ മുഴുവൻ ബി.ജെ.പി ജനപ്രതിനിധികളും കോർപറേഷന് മുന്നിൽ പിന്തുണാസമരം നടത്തും. വെള്ളിയാഴ്ച നടക്കുന്ന കോർപറേഷൻ ഉപരോധം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർസമരങ്ങളുടെ ഭാഗമായി എല്ലാ വാർഡുകളിലും നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രചാരണപരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ യോഗത്തിൽ ബി.ജെ.പി അംഗങ്ങൾ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളേയും പരിഹസിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന കോർപറേഷനെതിരെയുള്ള ബി.ജെ.പിയുടെ സമരം ജനങ്ങൾക്കുവേണ്ടിയാണ്. ആരോപണങ്ങൾ ഉയർത്തുമ്പോൾ ഭരണസമിതി പരിഭ്രാന്തരാവുകയാണ്. സമരം നടത്തുന്ന ബി.ജെ.പി കൗൺസിലർമാരോട് വിരോധം പുലർത്തിയാണ് ഭരണസമിതിയുടെ പെരുമാറ്റം. ഇവരുടെ വാർഡുകളിൽ ശുചീകരണപ്രവർത്തനങ്ങൾ മനപൂർവം മുടക്കുകയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് പൊലീസ് സ്വീകരിച്ചാൽ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുന്നിലടക്കം പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാജേഷ് പറഞ്ഞു.