cs-sujatha

തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി.എസ്. സുജാതയെ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തു. ട്രഷററായി ഇ. പത്മാവതിയെ (കാസർകോട്) തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സൂസൻ കോടി തുടരും. എസ്.എഫ്‌.ഐയിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച സി.എസ്. സുജാത എസ്.എഫ്‌.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റിലെ ആദ്യ വിദ്യാർത്ഥിനി പ്രതിനിധിയായിരുന്നു.1995 മുതൽ 2004 വരെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2004ൽ മാവേലിക്കരയിൽനിന്ന് പാർലമെന്റ് അംഗമായി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ചേന്നങ്കരതെക്കതിൽ രാമചന്ദ്രൻ നായരുടെയും സുമതി പിള്ളയുടെയും മകളായി 1965 മേയ് 28ന് ജനിച്ചു. മാവേലിക്കര കോടതിയിൽ അഭിഭാഷകയാണ്. വള്ളികുന്നം എ.ജി ഭവനിലാണ് താമസം. ഭർത്താവ്: ജി. ബേബി (റിട്ട.റെയിൽവേ മജിസ്‌ട്രേട്ട്). മകൾ: കാർത്തിക യു.എൻ യൂണിവേഴ്സിറ്റിയിൽ ഗവേഷകയാണ്. മരുമകൻ ആർ. ശ്രീരാജ് ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ ഫുട്‌ബാൾ ഇൻഡസ്ട്രീസ് എം.ബി.എ ചെയ്യുന്നു.