vld1

വെള്ളറട: അമ്പൂരിയിലെ മലയോരമേഖലയിൽ ടൂറിസം സാദ്ധ്യതകളെ കുറിച്ചുള്ള പഠനം തുടങ്ങിയെന്ന വാർത്ത പരന്നതോടെ ഏതുവിധേനെയും ടൂറിസ്റ്റുകളെ ആകർഷിക്കണമെന്ന ഉറച്ച നിലപാടിൽ നാട്ടുകാരും രംഗത്തിറങ്ങി. പുറംലോകം അറിയാത്ത അമ്പൂരിയിലെ ഇരപ്പാംകുഴിയിലെ വെള്ളച്ചാട്ടത്തിലേക്കുള്ള പഞ്ചായത്ത് വക നടപാത ഗാന്ധിജയന്തി ദിനത്തിൽ അമ്പൂരി വാട്സ് അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഒപ്പം തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും. 51 അംഗ സംഘം അമ്പൂരിയിൽ നിന്നും ഒരു കിലോമീറ്റർമാറി കാന്താരിവിളയിൽ നിന്നും ആരംഭിക്കുന്ന ഇരപ്പാൻകുഴി വെള്ളച്ചാട്ടത്തിലേക്കുള്ള 600 മീറ്റർ കോൺഗ്രീറ്റ് നടപ്പാത ശുചീകരിച്ചു.60 ഡിഗ്രിയിലേറെ ചരിവിൽ കിടക്കുന്ന കോൺഗ്രീറ്റ് റോഡ് കാടുകയറിയ നിലയിലായിരുന്നു. ഇവിടെ നിന്നും നിരവധി ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത്. ഇവ ഗ്രാമപഞ്ചായത്ത് അമ്പൂരി മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള കുപ്പതൊട്ടിയിൽ നിക്ഷേപിച്ചു. ഇനി ഇവിടെയെത്തുന്നവ‌ർക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ പലഭാഗങ്ങളിലും വൃക്ഷങ്ങളിലെ ശിഖിരങ്ങളിൽ ചാക്കുകൾ കെട്ടിതൂക്കിയിട്ടുണ്ട്.