വക്കം: വക്കം വെളിവിളാകം ക്ഷേത്രക്കുളം നവീകരിക്കാൻ ലക്ഷങ്ങൾ ചെലവാക്കി. എന്നിട്ടും ഫലത്തിൽ ആർക്കും ഉപയോഗിക്കാൻ കവിയാത്ത അവസ്ഥയിലാണ് ഈ കുളം. ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് 11.45 ലക്ഷം രൂപയാണ് ഇതിനകം ചെലവായത്. കൂടാതെ കുളത്തിലെ പായലും ചെളിയും നീക്കം ചെയ്യാൻ ശുചിത്വ മിഷന്റെ ഭാഗമായി 62,000 രൂപയും അനുവദിച്ചു. എന്നാൽ ലഭിച്ച തുക ചെലവാക്കി കുളത്തിലെ പാർശ്വ ഭിത്തി കെട്ടിയശേഷം ചെളി പൂർണമായും നീക്കം ചെയ്യാത്തതാണ് കുളത്തിന്റെ നിലവിലെ പോരായ്മ. കൂടാതെ കുളത്തിലേക്കിറങ്ങാൻ നിലവിൽ പടവുകളും സ്ഥാപിച്ചിട്ടില്ല. കൽപ്പടവുകൾക്ക് പകരം മുകളിൽ നിന്നും താഴേക്കു ചരിച്ചു കോൺക്രീറ്റ് ചെയ്ത നിലയിലാണ്. ചെളി പൂർണമായും കോരി മാറ്റാത്തതിനാൽ ഇവിടെ കുളിക്കാനിറങ്ങുന്നവർക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രം അറിയാതെ അശാസ്ത്രീയമായ നിർമ്മാണമാണ് ഓടയുടെയും കുളത്തിന്റെയും ദുരവസ്ഥയ്ക്ക് കാരണമെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
കുളം നവീകരണത്തിന് ചെലവായത്...... 11.45 ലക്ഷം
ശുചിത്വ മിഷൻ അനുവദിച്ചത്........ 62,000 രൂപ
ഉപയോഗശൂന്യമായി ഓട
ഓട മൂടിയിരിക്കുന്ന സ്ലാബുകളും യഥാസ്ഥാനങ്ങളിലല്ല. ഇത് കാൽനട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. നിലവിൽ റോഡിൽ നിന്ന് ഒഴുകിവരുന്ന മലിനജലം ഓടയിലേക്ക് പോകാറില്ല. ഓട മാത്രം നിർമ്മിക്കുകയാണ് ഇവിടെ ചെയ്തത്. റോഡിൽ നിന്ന് വെള്ളം ഓടയിലേക്ക് പതിക്കാനുള്ള ചാലുകൾ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വെള്ളം ഓടയിൽ എത്താറില്ല.
** ലക്ഷങ്ങൾ ചെലവഴിച്ചിട്ടും നാട്ടുകാർക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ. സേവാഭാരതി സമർപ്പൺ പദ്ധതിയുടെ ഭാഗമായി നദികളും കുളങ്ങളും ശുചീകരിച്ചു സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്രക്കുളത്തിലെ പായലും പാഴ് വസ്തുക്കളും സേവാഭാരതി പ്രവർത്തകർ ശുചീകരിച്ചത്.