ആറ്റിങ്ങൽ: നഗരസഭ എട്ടാം വാർഡ് കൊച്ചാലുംമൂട് ടോൾമുക്ക് റോഡിൽ രാത്രി സാമൂഹ്യവിരുദ്ധർ ഹോട്ടൽ മാലിന്യം വലിച്ചെറിയുന്നതായി പരാതി. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സഹിതം നാട്ടുകാർ പരാതി അറിയിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലറും ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമായ ആർ.എസ്.അനൂപ് സ്ഥലത്തെത്തി മാലിന്യ നിറച്ച കെട്ടുകൾ പരിശോധിച്ചു.

ഒഴിഞ്ഞ പാൽ കവറുകളടക്കം ദുർഗന്ധം വമിക്കുന്ന തരത്തിലായിരുന്നു മാലിന്യ കെട്ടുകൾ കണ്ടെത്തിയത്. സി.സി ടി.വി ദൃശ്യം പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗത്തിനും പൊലീസിനും പരാതി നൽകി.

പട്ടണത്തിൽ സമ്പൂർണ മാലിന്യ നിർമ്മാർജ്ജനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശുചീകരണ തൊഴിലാളികൾ വീടുകളിലും സ്ഥാപനങ്ങളിലും എത്തി ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്ന സംവിധാനമാണ് നഗരസഭ നടപ്പിലാക്കിയിട്ടുള്ളത്. ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാതെ പൊതു ഇടങ്ങളിൽ ചവറുകൾ നിക്ഷേപിക്കുന്നവർക്ക് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.