ktd

കാട്ടാക്കട: ആവശ്യത്തിന് ഉദ്യോഗസ്ഥരോ നല്ലൊരു വാഹനമോ ഇല്ലാത്തത് കാട്ടാക്കട പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തിന് വിലങ്ങുതടിയാകുന്നു. തിരക്കേറിയ താലൂക്ക് ആസ്ഥാനത്തെ പൊലീസ് സ്റ്റേഷനാണ് ഈ ദുരവസ്ഥ. സ്റ്റേഷൻ ആരംഭിച്ച കാലത്ത് അനുവദിച്ചിട്ടുള്ള അംഗബലപ്രകാരമുള്ള പൊലീസുകാർപോലും ഇപ്പോൾ ഇവിടെ ഇല്ലെന്നതാണ് ശ്രദ്ധേയമായ വസ്തുത.

സബ് ഇൻസ്പെക്ടർക്ക് അനുവദിച്ചിട്ടുള്ള വാഹനമാകട്ടെ സ്റ്റാർട്ടാകണമെങ്കിൽ ഉന്തിത്തള്ളേണ്ട നിലയിലുമാണ്. ഇതാണ് സ്റ്റേഷൻ നേരിടുന്ന പ്രധാന പ്രശ്നം.

അടിയന്തര ആവശ്യത്തിന് പൊലീസിനെ വിളിച്ചാൽ വാഹനം തള്ളി സ്റ്റാർട്ടാക്കി സ്ഥലത്ത് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും ഗവ. ഓഫീസുകളും അടങ്ങിയ കാട്ടാക്കട ടൗണിൽ സദാ പൊലീസിന്റെ നിരീക്ഷണം ആവശ്യമാണ്. ദിനംപ്രതി നടക്കുന്ന പ്രകടനങ്ങളും സമരങ്ങളും വേറെ. ഇവയെല്ലാം നിയന്ത്രിക്കുന്നതിന് ഉള്ളതാകട്ടെ നാമമാത്രമായ പൊലീസുകാരും. സമീപ താലൂക്കുകളിൽ ട്രാഫിക് പൊലീസ് ഉണ്ടെങ്കിലും കാട്ടാക്കടയിൽ ട്രാഫിക് നിയന്ത്രണത്തിനും സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള പൊലീസുകാർ തന്നെ പോകണം. ഇത്തരത്തിൽ അധിക ഡ്യൂട്ടി ചെയ്യാൻ വിധിക്കപ്പെട്ട ഉദ്യോഗസ്ഥരാകട്ടെ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്.

നട്ടംതിരിഞ്ഞ് ഉദ്യോഗസ്ഥർ

കാട്ടാക്കട, പൂവച്ചൽ, കുറ്റിച്ചൽ പഞ്ചായത്തുകളാണ് സ്റ്റേഷൻ പരിധിയിലുള്ളത്.

എന്നാൽ ഇതിന് ആനുപാതികമായ ഉദ്യോഗസ്ഥർ സ്റ്റേഷനിലില്ല. ഇതോടെ നിലവിലുള്ളവർ അധികജോലിയുടെ സമ്മർദ്ദത്തിലായി. ക്രമസമാധാന പാലനത്തിന്റെയും ട്രാഫിക് അനുബന്ധ ഡ്യൂട്ടികളുടെയും ഏകോപനവും നിർവഹണവും നടത്തുന്നത് ഒരേ പൊലീസുകാരാണ്. പലപ്പോഴും ദിവസങ്ങളോളം ഡ്യൂട്ടി ചെയ്താലും ഇവർക്ക് വിശ്രമം ലഭിക്കുന്നില്ല. ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പല കേസുകളുടെയും അന്വേഷണവും വഴിമുട്ടിയ അവസ്ഥയിലാണ്. സ്റ്റേഷൻ ജോലികൾ, കോടതി ഡ്യൂട്ടി, എഴുത്ത് ജോലികൾ, ട്രഷറി ഡ്യൂട്ടി, ട്രാഫിക് നിയന്ത്രണം, ക്രൈം സ്‌ക്വാഡ്, വെരിഫിക്കേഷൻ, വാറണ്ട്, പട്രോളിംഗ്, വനിതാ സെൽ, സീനിയർ സിറ്റിസൺ, സ്റ്റുഡന്റ് പൊലീസ് പദ്ധതി തുടങ്ങി എല്ലായിടത്തും ഓടിയെത്തേണ്ടത് നിലവിലുള്ള ഉദ്യോഗസ്ഥരാണ്.

എയ്ഡ്പോസ്റ്റ് പ്രവർത്തനവും നിലച്ചു

ഉദ്യോഗസ്ഥരില്ലാത്തതിനാൽ കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കുള്ളിലെ എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനവും നിലച്ചു. ഇതുകാരണം ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. കാട്ടാക്കട പട്ടണത്തിന്റെ പ്രധാന വെല്ലുവിളിയായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും പൊലീസിന് കഴിയുന്നില്ല. ജനമൈത്രി പദ്ധതിക്കായി മാത്രം ഒരു സ്റ്രേഷനിൽ അഞ്ച് പൊലീസുകാർ ഉണ്ടാകുമെന്നതാണ് കണക്ക്. എന്നാൽ കാട്ടാക്കട സ്റ്റേഷനിൽ ഇതര ജോലികൾ കഴിഞ്ഞിറങ്ങുന്ന പൊലീസുകാർ തന്നെ ഈ ഡ്യൂട്ടിയും ചെയ്യേണ്ട അവസ്ഥയാണ്.

ആശ്രയം സ്വകാര്യവാഹനങ്ങൾ

താലൂക്ക് ആസ്ഥാനത്തെ സ്റ്റേഷനുകളിൽ രണ്ട് ജീപ്പാണ് അനുവദിക്കുക. എന്നാൽ കാട്ടാക്കടയിൽ ഒരു ജീപ്പാണുള്ളത്. ഉണ്ടായിരുന്ന രണ്ടു ജീപ്പിൽ ഒരെണ്ണം ക്യാമ്പിലേക്ക് തിരിച്ചു കൊണ്ടുപോയി. പകരം എത്തിയ വാഹനമാണ് പൊലീസുകാർ തള്ളി സ്റ്റാർട്ടാക്കേണ്ട നിലയിലായത്. അക്രമങ്ങളോ അത്യാഹിതങ്ങളോ ഉണ്ടാകുമ്പോൾ ഓടിയെത്തണമെങ്കിൽ പട്രോളിംഗിനു പോയ വാഹനം തിരികെയെത്തുന്നതുവരെ കാത്തിരിക്കുകയോ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയോ ചെയ്യേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥർ.