വർക്കല: പാപനാശം ഹെലിപ്പാഡിൽ അപകടഭീഷണി ഉയർത്തിയുള്ള വാഹനങ്ങളുടെ അഭ്യാസപ്രകടനങ്ങൾ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ബൈക്ക്, കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങളിലാണ് അഭ്യാസപ്രകടനങ്ങൾ നടക്കുന്നത്.
കഴിഞ്ഞദിവസം രാത്രി 10 ഓടെ അഭ്യാസപ്രകടനത്തിനിടെ ജീപ്പ് മറിഞ്ഞ് അപകടമുണ്ടായി. അമിതവേഗതയിൽ ഓടിച്ചുവന്ന ജീപ്പ് വെട്ടിത്തിരിക്കുന്നതിനിടെയാണ് സംഭവം. വാഹനം ഓടിച്ച യുവാവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ആറ്റിങ്ങൽ സ്വദേശിയുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
രൂപമാറ്റം വരുത്തിയ വാഹനങ്ങളിലാണ് യുവാക്കളുടെ പ്രകടനങ്ങൾ. ടൂറിസം മേഖലയിൽ ഇളവ് വന്നതോടെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേർ പാപനാശത്തെ സായാഹ്നക്കാഴ്ചകൾ ആസ്വദിക്കാനെത്തുന്നുണ്ട്.
ഇവർക്കിടയിലൂടെയാണ് അപകടകരമായ വാഹന റൈസിംഗും ബൈക്ക് സ്റ്റണ്ടിംഗും നടക്കുന്നത്. വർക്കല ആർ.ടി ഓഫീസ് ഇടപെട്ട് കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതോടൊപ്പം ബീച്ച്, ഹെലിപ്പാഡ് മേഖലകളിൽ പൊലീസിന്റെ നിരീക്ഷണം കാര്യക്ഷമമാകുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.