കിളിമാനൂർ: സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ട്യൂഷൻ സെന്ററുകളെ പ്രവർത്തിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആൾ കേരളാ ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന
അസംഘടിത മേഖലയായ ട്യൂഷൻ സെന്ററുകളെ ആശ്രയിച്ച് മുപ്പതിനായിരത്തിലധികം അദ്ധ്യാപകരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് വ്യാപനത്തോടെ ഇവരുടെ തൊഴിൽ നഷ്ടമായി. പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും നിവേദനത്തിൽ പറയുന്നു. മുഖ്യമന്ത്രിയുമായി ആലോചിച്ച് വിഷയത്തിൽ അനുകൂല സമീപനം സ്വീകരിക്കുമെന്ന് മന്ത്രി ഇവർക്ക് ഉറപ്പുനൽകി. സംസ്ഥാന പ്രസിഡന്റ് അജി അലക്സാണ്ടർ, ജനറൽ സെക്രട്ടറി അരുൺകുമാർ കാട്ടാക്കട, ട്രഷറർ പ്രമോദ്, അനീഷ് നെടുമങ്ങാട് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.