സോണൽ ഓഫീസുകളിൽ തട്ടിപ്പ് നടന്നതായി മേയറുടെ സ്ഥിരീകരണം
തിരുവനന്തപുരം: നഗരസഭയിലെ പല സോണൽ ഓഫീസുകളിലും ഉദ്യോഗസ്ഥർ നികുതിപ്പണം തട്ടിയെടുത്തെന്ന് മേയർ ആര്യ രാജേന്ദ്രൻ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ സ്ഥിരീകരിച്ചു. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും മേയർ അറിയിച്ചു.
ശ്രീകാര്യം സോണിൽ 500785 രൂപ ബാങ്കിലടയ്ക്കാത്ത കാഷ്യർ അനിൽകുമാർ, ഓഫീസ് അസിസ്റ്റന്റ് ബിജു, നേമം സോണിൽ 26,74,333 രൂപ ബാങ്കിൽ അടയ്ക്കാത്ത കാഷ്യർ എസ്.സ്മിത, സുപ്രണ്ട് ശാന്തി, ആറ്റിപ്ര സോണിൽ 1,9,836 രൂപ ബാങ്കിലിടാത്ത ജോർജ്കുട്ടി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ശ്രീകാര്യം സോണിലെ അന്നത്തെ ചാർജ് ഓഫീസറും ഇപ്പോൾ കൊല്ലം നഗരസഭയിലെ ജീവനക്കാരിയുമായ ലളിതാംബികയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും.
പണമടച്ച ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ആർക്കും വീട്ടുകരം നഷ്ടമാവില്ല. ജനങ്ങളിൽ നിന്നും കൈപ്പറ്റിയ തുക ബാങ്കിൽ അടയ്ക്കാതെയുള്ള തട്ടിപ്പാണ് നടന്നത്. ആരുടേയും പണം നഷ്ടമായിട്ടില്ല. വലിയ പ്രശ്നമുണ്ടെന്ന തരത്തിലാണ് ചിലരുടെ പ്രചാരണം. ഈ പ്രവണത നല്ലതല്ല. ഇതിൽ ജനങ്ങൾ വീഴരുത്. ഉദ്യോഗസ്ഥർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. നികുതി കുടിശികയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കും. നികുതി പിരിവിനുള്ള ഐ.കെ.എം സോഫ്റ്റ്‌വെയറിലെ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും മേയർ പറഞ്ഞു.
ബി.ജെ.പി സമരം തുടരുന്നു
വീട്ടുകരം തട്ടിപ്പിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്. ഇന്നലെ നടന്ന സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ കറുത്തതുണി കൊണ്ട് വാമൂടിക്കെട്ടിയും പ്ലക്കാർഡ് ഉയർത്തിയും ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപോകുകയായിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും കുടിശികക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും മുനിസിപ്പൽ ആക്ടനുസരിച്ചുള്ള ചട്ടം പാലിക്കാത്ത ഡെപ്യൂട്ടി മേയർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച്ച രാവിലെ കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ യു.ഡി.എഫ് ധർണ നടത്തും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും. 11,12 തീയതികളിൽ വാർഡുകളിൽ സംഘടിപ്പിക്കുന്ന ജനകീയ സദസുകളുടെ നഗരതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും.