kovalam

കോവളം: ഭാര്യയുമായി പിണങ്ങിക്കഴി‌ഞ്ഞിരുന്ന യുവാവ് വാടകവീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കി. കോട്ടുകാൽ ചപ്പാത്ത് പുന്നക്കുളം റോഡിൽ കൂട്ടുനടയിൽ വിജയന്റെയും വനജകുമാരിയുടെയും മകൻ വിപിൻ വിജയനാണ് (29) മുല്ലൂരിലെ വാടകവീടായ ശാന്തിഭവനിലെ കിണ​റ്റിൽ ചാടി ആത്മഹത്യ ചെയ്തത്.

തിരുവല്ലം സ്വദേശിയായ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച വിപിൻ വീട്ടിൽ നിന്ന് അകന്നുകഴിയുകയായിരുന്നു. രണ്ട് കുട്ടികൾ ജനിച്ചശേഷം ഭാര്യയുമായി പിണങ്ങിയ ഇയാൾക്കെതിരെ ഭാര്യാവീട്ടുകാർ വിഴിഞ്ഞം പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകിയിരുന്നു, തുടർന്ന് വിപിൻ ഏതാനും മാസം നാട്ടിൽ നിന്ന് മാറിനിന്നു. കഴിഞ്ഞ മാസത്തോടെയാണ് ഇയാൾ നാട്ടിൽ മടങ്ങിയെത്തി അമ്മാവന്മാരോടൊത്ത് മുല്ലൂരിലെ വാടകവീട്ടിൽ താമസമാക്കിയത്. തിങ്കളാഴ്ച രാത്രിയോടെ വിപിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വിഴിഞ്ഞത്തു നിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തി പുറത്തെടുത്ത മൃതദേഹം പോസ്​റ്റുമോർട്ടത്തിന് ശേഷം ചപ്പാത്തിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഏക സഹോദരി വിജയലക്ഷ്മി.