തിരുവനന്തപുരം: അർഹരായവർക്ക് മുഴുവൻ പട്ടയം നൽകുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. വിതരണം വേഗത്തിലാക്കാൻ വൈദ്യുതി, വനം, ജലവിഭവം എന്നീ വകുപ്പ് മന്ത്രിമാരുടെ കൂടി സാന്നിദ്ധ്യത്തിൽ ആശയവിനിമയം നടത്തും. പുറമ്പോക്ക് ഭൂമിയിലുള്ളവർക്ക് വകുപ്പുകളിൽ നിന്ന് എൻ.ഒ.സി ലഭിക്കുന്ന മുറയ്ക്ക് പട്ടയം നൽകും. ചാലക്കുടിയിൽ 825 കുടുംബങ്ങൾക്ക് പട്ടയം നൽകിയതായി സനീഷ്‌കുമാർ ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ഭെൽ- ഇ.എം.എൽ കമ്പനിയിൽ
77 കോടിയുടെ പദ്ധതി: മന്ത്രി പി. രാജീവ്
കാസർകോട് ഭെൽ- ഇ.എം.എൽ കമ്പനിയിൽ 77 കോടിയുടെ വികസന പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു. യന്ത്രങ്ങൾ നവീകരിക്കും. കുടിശിക ശമ്പളം എങ്ങനെ നൽകാൻ കഴിയുമെന്ന് തൊഴിലാളി സംഘടനകളുമായി ആലോചിക്കുമെന്നും എൻ.എ. നെല്ലിക്കുന്നിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
മീറ്റ്നയെയും കുത്താമ്പുള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്നിടത്ത് ടൂറിസം സാദ്ധ്യതയുണ്ടങ്കിൽ തുക്കുപാലം ആലോചിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കോൺക്രീറ്റ് നടപ്പാലമാണ് സാധാരണ മരാമത്ത് വകുപ്പ് നിർമ്മിക്കുന്നത്. റെയിൽവേ ക്രോസ് ഇവിടെ വേണ്ടി വരും. അപ്രോച്ച് റോഡിനും സ്ഥലം വേണം. അനുമതി കിട്ടിയാൽ പരിശോധിക്കുമെന്നും കെ. പ്രേംകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. കാസർകോട് മടിക്കൈ പ്രോജക്ടിൽ പുതുക്കിയ നിർദേശം ലഭിക്കുന്ന മുറയ്ക്ക് അനുമതി നൽകുമെന്ന് ഇ. ചന്ദ്രശേഖരന്റെ സബ്മിഷന് മന്ത്രി ജെ. ചിഞ്ചുറാണി മറുപടി നൽകി.