ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ
ബാലരാമപുരം: സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെ കിണറ്റിൽവീണ് മരിച്ച യുവാവിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന അരുൺസിംഗ്, മഹേഷ് എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അരുമാനൂർക്കട കോളനി ശാന്താഭവനിൽ സുരേഷ് കുമാറാണ് (31) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടെ കാൽവഴുതി കിണറ്റിൽ വീണതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊലീസ് പറയുന്നത്: മകന് സുഖമില്ലാത്തതിനാൽ രണ്ടുദിവസമായി സുരേഷ്‌കുമാർ ഭാര്യ അഞ്ജുവിന്റെ ഐത്തിയൂർ തെങ്കറക്കോണം അയണിയറത്തെ കുടുംബവീട്ടിലായിരുന്നു താമസം. തൈക്കാട് ആശുപത്രിയിൽ പോയിവരാനുള്ള സൗകര്യത്തിനായിരുന്നു ഇത്. സംഭവദിവസം രാവിലെയും സുരേഷ്‌കുമാർ മദ്യപിച്ചിരുന്നു. ഉച്ചയ്ക്ക് ആഹാരം കഴിച്ച ശേഷം വീണ്ടും സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന അരുൺസിംഗും മഹേഷും സുരേഷിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മദ്യലഹരിയിലായിരുന്നതിനാൽ സാധിച്ചില്ല.
സുരേഷിനെ കാണാത്തതിനാൽ നടത്തിയ തെരച്ചിലിൽ നാട്ടുകാർ കണ്ടത് കിണറ്റിന്റെ കരയിൽ അബോധാവസ്ഥയിലിരിക്കുന്ന സുഹൃത്തുക്കളെയാണ്. സംശയംതോന്നി ടോർച്ചടിച്ച് നോക്കിയപ്പോഴാണ് സുരേഷിനെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു. കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അരുൺസിംഗിനെയും ഇതേ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത്. സുരേഷിന്റെ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും മൊഴിയെടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ദുരൂഹതയെന്ന് ബന്ധുക്കൾ
സുരേഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അധികം താഴ്ചയില്ലാത്ത കിണറ്റിലാണ് സുരേഷിന് കണ്ടെത്തിയത്. ആരോഗ്യവാനും നീന്തലറിയാവുന്നയാളുമായ സുരേഷ് മുങ്ങിമരിച്ചു എന്നത് വിശ്വസനീയമല്ല. കഴുത്തിലും ദേഹത്തും ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ പാടുകളുണ്ട്. അരുൺസിംഗിന്റെ ദേഹത്തും മർദ്ദനമേറ്റ പാടുകളുണ്ട്. കിണറിൽ നിന്നും പുറത്തേക്കെടുത്തപ്പോൾ സുരേഷിന്റെ കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങിയിരുന്നതായും ബന്ധുക്കൾ പറയുന്നു.