തിരുവനന്തപുരം: സ്ത്രീധനത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടങ്ങൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിക്കണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ കസ്‌തൂർബ ഗ്രാമീണ ഗ്രന്ഥശാലയുമായി ചേർന്ന് സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനും ചടങ്ങിൽ തുടക്കംകുറിച്ചു. ഡിജിറ്റൽ സാക്ഷരത, വനിതാതൊഴിൽ പരിശീലനങ്ങൾ, വിജ്ഞാനസദസുകൾ, ലഹരിവിരുദ്ധ കാമ്പെയിനുകൾ, ക്വിസ്, ഉപന്യാസ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. കസ്‌തൂർബ ഗ്രാമീണ ഗ്രന്ഥശാലയുടെ വനിത വായന മത്സരങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്തു. ഗ്രേഷ്യസ് ബെഞ്ചമിൻ രചിച്ച വീട്ടുവളപ്പിലെ പക്ഷി വളർത്തൽ എന്ന പുസ്തകം മന്ത്രി ആന്റണിരാജു പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാലിന് കൈമാറി പ്രകാശനം ചെയ്തു.
യോഗത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് ഗാന്ധി സ്‌മൃതി പ്രഭാഷണം നടത്തി. യുവ കലാസാഹിതി ജില്ലാസെക്രട്ടറി അഡ്വ. സി.എ. നന്ദകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.എസ്. പ്രദീപ്, കസ്‌തൂർബ ഗ്രാമീണ ഗ്രന്ഥശാല സെക്രട്ടറി എം. മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.