തിരുവനന്തപുരം: ചാക്കയിൽ വീട് കയറി ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാക്കൾ അറസ്റ്റിൽ. വള്ളക്കടവ് വയ്യാമൂല സ്വദേശികളായ അജിത്ത്(25), സൂരജ് (24), അശ്വിൻ ബിജു (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചാക്ക ദേവിനഗറിൽ താമസക്കാരനായ ഫൈസലുമായുള്ള മുൻവൈരാഗ്യത്തിന്റെ പേരിൽ ഫൈസലിനെ വീട്ടിൽക്കയറി മർദ്ദിക്കുകയായിരുന്നു.

ഫൈസലിനെ അടിക്കുന്നത് തടയാൻ ശ്രമിച്ച അദ്ദേഹത്തിന്റെ പിതാവിനും മർദ്ദനമേറ്റു. സംഭവത്തിൽ അക്രമികൾക്കും പരിക്കേറ്റിട്ടുണ്ട്. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.