bjp

കാസർകോട്: ദക്ഷിണ കർണാടകയിലും കാസർകോട് ജില്ലയിലേയും നൂറിലധികം ക്ഷേത്രങ്ങളുടെ തന്ത്രികാചാര്യനായ രവീശ തന്ത്രി ഇനി ബി.ജെ.പിയുടെ കാസർകോട് ജില്ലയുടെ അമരക്കാരൻ. നിലവിലുള്ള ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിനെ സംസ്ഥാന സെക്രട്ടറി ആക്കിയ ഒഴിവിലാണ് തന്ത്രിയെ ജില്ലാ പ്രസിഡന്റായി ബി.ജെ.പി നേതൃത്വം പ്രഖ്യാപിച്ചത്.

കാസർകോട് ഗവ. കോളേജിൽ പി.ഡി.സി വിദ്യാഭ്യാസത്തിന് ശേഷം പ്രൈവറ്റായി ഡിഗ്രി പഠനം പൂർത്തിയാക്കിയ രവീശ തന്ത്രി കുണ്ടാർ താന്ത്രിക പഠനത്തിൽ മുഴുകുകയായിരുന്നു. നിരവധി ക്ഷേത്രങ്ങളിൽ തന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷ്ഠാകർമ്മങ്ങൾ നടത്തിയിട്ടുണ്ട്. 2002ൽ ക്ഷേത്രസംരക്ഷണ സമിതി കാസർകോട് ജില്ലാ രക്ഷാധികാരിയായതോടെയാണ് പൊതു രംഗത്തേക്ക് പ്രവേശിക്കുന്നത്.

രണ്ട് വർഷത്തിന് ശേഷം ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരിയായി അവരോധിക്കപ്പെട്ടു. തുടർന്ന് 2016 വരെ സംസ്ഥാന വൈസ് പ്രസിഡന്റെന്ന ചുമതല വഹിച്ചു. കുമ്പള അമ്പിലടുക്ക ക്ഷേത്ര ഭൂമി കോളേജിന് വേണ്ടി സർക്കാർ നടത്തിയ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലൂടെ ക്ഷേത്ര ഭൂമി തിരിച്ചു പിടിക്കാൻ സാധിച്ചു. 2016ൽ കാസർകോട് നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി, 2019ൽ കാസർകോട് ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥി, 2019 മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലും രവീശ തന്ത്രി ജനവിധി തേടി. നിലവിൽ ബി.ജെ.പിയുടെ സംസ്ഥാനസമിതി അംഗവും സംഘത്തിന്റെ മഞ്ചേശ്വരം മണ്ഡലം പ്രഭാരിയുമാണ്. ഭാര്യ സുജാത ആർ. തന്ത്രി കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മക്കൾ: സുബ്രഹ്മണ്യ പ്രസാദ് (പി.എച്ച്.ഡി), കൃതിക (എം.എസ്.സി), ഗുരുപ്രസാദ് (താന്ത്രികം). കുണ്ടാറിലെ പരേതരായ സുബ്രായ തന്ത്രിയുടേയും ലക്ഷ്മി അമ്മയുടേയും മകനാണ്.

കാസർകോട് ജില്ലാ പ്രസിഡന്റായി നിയമിച്ചതിൽ സന്തോഷമുണ്ട്. കർണ്ണാടകയോട് ചേർന്ന് കിടക്കുന്ന ഈ ജില്ലയിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇനിയുള്ള നാളുകളിൽ മുഴുകും.


രവീശ തന്ത്രി കുണ്ടാർ