veed

കുറ്റ്യാടി: കൂട്ടുകാർ ഒന്നിച്ചപ്പോൾ സഹപാഠിക്ക് കരുണയുടെ തണൽ വീട് ഒരുങ്ങി. കാവിലുംപാറ എ.ജെ. ജോൺ മെമ്മോറിയൽ എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് വോളണ്ടിയർമാരാണ് ഭക്ഷ്യമേള നടത്തിയും രക്ഷിതാക്കൾ നാട്ടുകാരിൽ നിന്ന് സംഭാവനകൾ സമാഹരിച്ചും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. കാവിലുംപാറ പഞ്ചായത്തിലെ ഓടങ്കാട്ടുമ്മൽ ദിൽന അജയനും കുടുംബത്തിനുമാണ് വീട് നിർമ്മിച്ച് നൽകിയത്. കൂട്ടുകാരിക്ക് വീട് ഒരുക്കേണ്ട ആവശ്യം വിദ്യാർത്ഥികൾ പ്രോഗ്രാം ഓഫീസറായ ബിജീഷിനെ അറിയിക്കുകയും തുടർ പ്രവർത്തനങ്ങൾ കൊവിഡ് കാലമായത്തിനാൽ മന്ദഗതിയിലായെങ്കിലും വിദ്യാർത്ഥികളുടെ കരങ്ങൾ സഹപാഠിക്ക് വേണ്ടി നീട്ടുകയായിരുന്നു.

സ്‌കൂൾ മാനേജ്‌മെന്റും പൂർവ വിദ്യാർത്ഥികളും പി.ടി.എയുടെ സഹകരണത്തോടെ ആറ് ലക്ഷത്തോളം രൂപ ചിലവിലാണ് വീട് പൂർത്തീകരിച്ചത്. സംസ്ഥാനത്തൊട്ടാകെ 25 സ്‌നേഹവീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന ഉദ്ഘാടനം നിർവഹിച്ചതിന്റെ ഭാഗമായിട്ടാണ് തൊട്ടിൽ പാലത്തെ വീട്ടിൽ നടന്ന ചടങ്ങിൽ കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ്ജ്, പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ, പ്രോഗ്രാം ഓഫീസർ ബിജീഷ് ബി.യും ചേർന്ന് താക്കോൽ കൈമാറിയത്. ചടങ്ങിൽ എച്ച്.എം മൂസ, കുറ്റ്യാടി, നാദാപുരം എൻ.എസ്.എസ്, പി.എ.സി അംഗങ്ങൾ, അംബുജാക്ഷൻ, ബിജീഷ്, സ്‌കൂൾ മാനേജർ ഫാദർ തോമസ് ഇടയാൽ, പി.ടി.എ. ഭാരവാഹികളായ കെ.ടി. മോഹനൻ, കെ.പി. സബാസ്റ്റ്യൻ, എൻ.എസ്.എസ് ലീഡർ വൈഷ്ണവ്, എൻ.എസ്.എസ്. വോളണ്ടിയർമാരായ അറുപതോളം വിദ്യാർത്ഥികളും താക്കോൽദാന ചടങ്ങിൽ സാന്നിദ്ധ്യം വഹിച്ചു.