തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് നിറംപകർന്ന് ബൊമ്മക്കൊലു. നവരാത്രി പ്രമാണിച്ചുള്ള ഇത്തരം ബൊമ്മക്കൊലുകളുടെ വില്പന നഗരത്തിൽ സജീവമാണ്. ഹൈന്ദവപുരാണങ്ങളിലെ ദൈവങ്ങളുടെ വിഗ്രഹങ്ങളും പാവകളും തട്ടുകളിലായി അടുക്കി നടത്തുന്ന പൂജയാണ് ബൊമ്മക്കൊലു. തമിഴ്‌നാട്ടിലും ആന്ധ്രയിലുമാണ് നവരാത്രിപൂജയുടെ ഭാഗമായി ബൊമ്മക്കൊലു ഒരുക്കുന്നത്. കേരളത്തിൽ തമിഴ് ബ്രാഹ്മണസമൂഹമാണ് പ്രധാനമായും ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷിക്കുന്നത്. നവരാത്രി ആരംഭത്തിൽ ദേവീപൂജയുമായി ബന്ധപ്പെട്ട് പൂജാമുറികളിൽ ബൊമ്മക്കൊലു നിരത്തിവച്ച് വൈദ്യുത ദീപങ്ങൾകൊണ്ട് അലങ്കരിക്കും. നവരാത്രി ആഘോഷം നടക്കുന്ന ദിവസങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. സരസ്വതി, ലക്ഷ്‌മി, ദുർഗ, ഗണപതി എന്നീ ആരാധനാമൂർത്തികളുടെ ബൊമ്മക്കൊലുവാണ് കൂടുതൽ വിൽക്കുന്നത്. കൂടാതെ പുരാണകഥയുമായി ബന്ധപ്പെട്ട ബൊമ്മക്കൊലുവും ഏറെയുണ്ട്. പേപ്പർ പൾപ്പ്, ചെളി എന്നിവയിൽ നിർമ്മിച്ച ബൊമ്മകൾക്ക് 30 മുതൽ 7000 രൂപ വരെ വിലയുണ്ട്. ഫാൻസി ബൊമ്മകളും നഗരത്തിൽ സജീവമാണ്. തടി കൊണ്ടോ ലോഹങ്ങൾ കൊണ്ടോ നിർമ്മിച്ച തട്ടുകളിലാണ് കൊലു ഒരുക്കുന്നത്. ഈ തട്ടുകൾ പടിക്കെട്ടുകൾ പോലെയാണ് തയ്യാറാക്കുന്നത്. 3, 5, 7, 9 എന്നീ ഒറ്റ അക്കങ്ങൾ വരത്തക്ക രീതിയിൽ വേണം തട്ടുകളുടെ എണ്ണം ക്രമീകരിക്കാൻ. നവരാത്രിപൂജ ഒമ്പത് ദിവസത്തെ ആഘോഷമായതിനാൽ കൊലുത്തട്ടുകളും പരമാവധി ഒമ്പതുവരെയാകാം. ഏറ്റവും ഉയരത്തിലുള്ള ആദ്യ കൊലുപ്പടിയിൽ കലശപൂജയ്‌ക്കുള്ള കലശമാണ് സ്ഥാപിക്കുന്നത്. കലശം പ്രതിനിധീകരിക്കുന്നത് ദുർഗ ദേവിയെയാണ്. കലശത്തോടൊപ്പം ആദ്യപടിയിൽ ദുർഗാദേവിയുടെയും സരസ്വതി ദേവിയുടെയും ലക്ഷ്‌മി ദേവിയുടെയും കൊലുക്കളാണ് സ്ഥാപിക്കാറുള്ളത്. മറ്റ് പടികളിൽ ബ്രഹ്മാവ്, വിഷ്‌ണു, ശിവൻ, ഗണപതി, മുരുകൻ തുടങ്ങിയവരുടെ കൊലുക്കളാണ് സ്ഥാപിക്കുന്നത്. ഒമ്പത് ദിവസവും സന്ധ്യയ്‌ക്ക് വിവിധതരം പലഹാരങ്ങൾ ഉണ്ടാക്കിവച്ച് പ്രത്യേക പൂജകളുണ്ടാകും. പൂജകൾക്ക് ശേഷം നിവേദ്യം അയൽപ്പക്കത്തെ കുട്ടികൾക്ക് വിതരണം ചെയ്യുന്നത് നഗരത്തിലെ അഗ്രഹാരങ്ങളിലെ പതിവ് കാഴ്‌ചയാണ്.