മാഹി: മതമൈത്രിയുടെ പള്ളിമണികൾ നിലയ്ക്കാതെ മുഴങ്ങിയതോടെ മാഹി പള്ളി പെരുന്നാളിന് തുടക്കമായി. ദേശീയോത്സവത്തിന്റെ വരവറിയിച്ച് നഗരസഭാ കാര്യാലയത്തിലെ സൈറണും മുഴങ്ങി. ആത്മീയതയുടെ വിശുദ്ധി പരത്തി കീർത്തനാലാപനങ്ങൾ മയ്യഴിപ്പള്ളിയുടെ അൾത്താരയിൽ പ്രതിധ്വനിച്ചു. കുന്തിരിക്കത്തിന്റേയും, കർപ്പൂരത്തിന്റേയും ജമന്തിപ്പൂക്കളുടേയും സമ്മിശ്ര ഗന്ധം ചുറ്റിലും പടർന്നു.
മദ്ധ്യാഹ്ന സൂര്യൻ കൂറ്റൻ പള്ളി ഗോപുരത്തിന് തൊട്ട് മുകളിൽ നിൽക്കവെ, ഇന്നലെ ഉച്ചക്ക് 12 മണിക്ക് പ്രതീക്ഷാ നിർഭരമായ അനേകമനേകം കണ്ണുകൾക്ക് മുന്നിൽ അത്ഭുത പ്രവർത്തകയായ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ സൗന്ദര്യം വിഴിയുന്ന തിരുസ്വരൂപം തെളിഞ്ഞു.
രഹസ്യ അറയിൽ നിന്ന് പള്ളി വികാരി ഫാദർ വിൻസന്റ് പുളിക്കലാണ് ആവില മാതാവിനെ പൊതു വണക്കത്തിന് എഴുന്നള്ളിച്ചത്. രമേശ് പറമ്പത്ത് എം.എൽ.എ ഉൾപ്പടെയുളള പ്രമുഖരും നാനാ മതസ്ഥരും മയ്യഴിയമ്മയെ വണങ്ങാനെത്തി. ഇന്നലെ സന്ധ്യക്ക് ആഘോഷപൂർവ്വമായ ദിവ്യബലി, നൊവേന പ്രാർത്ഥനകൾ നടന്നു. കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്‌സ് വടക്കുംതല മുഖ്യകാർമ്മികത്വം വഹിച്ചു. ആവില കോൺവെന്റ് മാതൃസംഘടന ചടങ്ങുകൾക്ക് നേതൃത്വമേകി.
അരിയിലെഴുത്ത്, ശയനപ്രദക്ഷിണം എന്നിവ ഒഴിച്ച് മറ്റെല്ലാ ചടങ്ങുകളും മുറതെറ്റാതെ നടക്കും. പെരുന്നാൾ ദിനരാത്രങ്ങൾ ഒക്ടോബർ 22ന് സമാപിക്കും. ചടങ്ങുകൾക്ക് സഹവികാരി ഫാ. ജോസഫ് ഷിബു, ഡീക്കൻമാരായ ആന്റണി ദാസ്, സ്റ്റീവെൻസെൻ പോൾ, പാരീഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകി. തിരുനാളിന്റെ രണ്ടാം ദിനമായ ഇന്ന് വൈകിട്ട് 6ന് റവ. ഫാ. അലക്‌സ് കളരിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും, നൊവേനയും ഉണ്ടായിരിക്കും. ഇടവകയിലെ യുവജന വിഭാഗം, ക്ലൂണി കോൺവെന്ററും ദിവ്യബലിക്ക് നേതൃത്വം നൽകും.