സോളമൻ അലക്‌സ് രാജിവച്ചതിന് രേഖകളില്ല
തിരുവനന്തപുരം: സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായിരുന്ന സോളമൻ അലക്‌സ് രാജിവച്ചതിന് രേഖകളില്ലെന്ന് ബാങ്ക് മാനേജിംഗ് ഡയറക്‌ടർ.പൊതുയോഗത്തിന്റെ നിരീക്ഷകരായ സഹകരണസംഘം അഡീഷണൽ ഡയറക്‌ടർ, രജിസ്‌ട്രാർ എന്നിവർക്ക് രാജിയെ സംബന്ധിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും ബാങ്ക് വ്യക്തമാക്കി. അനിശ്ചിതത്വത്തിനിടെ , ബാങ്ക് ഭരണം തിരിച്ചു പിടിക്കാൻ യു.ഡി.എഫും, കൈക്കലാക്കാൻ എൽ.ഡി.എഫും നീക്കം തുടങ്ങി
കഴിഞ്ഞ മാസം 30ന് നടന്ന ബാങ്കിന്റെ പൊതുയോഗത്തിലാണ്, കോൺഗ്രസ് നേതാവായിരുന്ന സോളമൻ അലക്‌സ് നാടകീയമായി രാജി പ്രഖ്യാപിച്ചത്. അദ്ദേഹത്തിനൊപ്പം കേരള കോൺഗ്രസ് (എം) പ്രതിനിധി കെ.എ.ആന്റണിയും രാജി അറിയിച്ചിരുന്നു. വർഷങ്ങളായി യു.ഡി.എഫ് ഭരണത്തിലിരിക്കുന്ന ബാങ്കിന്റെ ഭരണം പിടിക്കാമെന്ന സോളമൻ അലക്‌സിന്റെ വാക്ക് വിശ്വസിച്ച സി.പി.എം നേതൃത്വം കുരുക്കിലായി. ജനറൽ ബോഡി അംഗങ്ങളെ ഒപ്പം നിറുത്തി ബാങ്ക് ഭരണം പിടിക്കാമെന്നാണ് സോളമൻ അലക്‌സ് സി.പി.എമ്മിന് നൽകിയ ഉറപ്പ്. എന്നാൽ കോൺഗ്രസിൽ നിന്നുളള അംഗങ്ങളിലാരെയും അടർത്തിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഹൈക്കോടതിയിൽ നിന്ന് നാളെ തങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. സോളമൻ അലക്‌സിനൊപ്പം കോൺഗ്രസിൽ നിന്ന് ആരും പോകില്ലെന്ന് ബാങ്കിന്റെ മുൻ പ്രസിഡന്റ് കെ.ശിവദാസൻ നായർ പറഞ്ഞു. യു.ഡി.എഫ് ഭരണം പിടിച്ചാൽ ശിവദാസൻ നായരായിരിക്കും പ്രസിഡന്റ്. കെ.നീലകണ്‌ഠൻ വൈസ് പ്രസിഡന്റായി തുടരും.
കോൺഗ്രസ് അംഗങ്ങളിൽ തന്നോടൊപ്പം എത്രപേരുണ്ടെന്ന് നാളെ ഹൈക്കോടതിയിൽ തെളിയിക്കുമെന്ന് സോളമൻ അലക്‌സ് പറഞ്ഞു. മാർക്‌സിസ്റ്റുകാരെക്കാൾ തന്നെ ദ്രോഹിച്ചത് ശിവദാസൻ നായരാണ്. രാഷ്‌ട്രീയം നിറുത്തിയാലും കോൺഗ്രസിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.