sabarimala

തിരുവനന്തപുരം: നവംബർ 16ന് ആരംഭിക്കുന്ന ശബരിമല തീർത്ഥാടനത്തിന് അനുവദിക്കേണ്ട ഇളവുകൾ, തീർത്ഥാടകരുടെ എണ്ണം എന്നിവ അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ തീർത്ഥാടനം സംബന്ധിച്ച മുന്നൊരുക്കം, പമ്പ, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളുടെ സൗകര്യം, ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നതിനുള്ള സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും റവന്യു, ദേവസ്വം വകുപ്പും സംയുക്തമായി കർമ്മ പദ്ധതി തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ ആനുകൂല്യം വർദ്ധിപ്പിച്ചു

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളുടെ ലംപ്‌സം ഗ്രാന്റ് മൂന്നുവർഷത്തിലൊരിക്കൽ പരിഷ്‌കരിക്കുന്നുണ്ടെന്നും പ്രീ മെട്രിക്/ മെട്രിക് ഹോസ്റ്റലുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം മുൻപുള്ള നിരക്കിനെക്കാൾ 20 ശതമാനം അധികം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കെ. രാധാകൃഷ്‌ണൻ അറിയിച്ചു. ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്ത പട്ടിക വർഗ ഊരുകളിൽ ഇത് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

 ജല അതോറിട്ടി: വരുമാന നഷ്ടം ഒഴിവാക്കും

ആയിരം ലിറ്റർ കുടിവെള്ളം ഉപഭോക്താവിന് നൽകുമ്പോൾ ജല അതോറിട്ടിക്ക് 13.41 രൂപ നഷ്ടം ഉണ്ടാകുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. അതോറിട്ടിയുടെ വരുമാന നഷ്ടത്തിന്റെ പ്രധാന കാരണം ജല ചോർച്ചയാണെന്ന് പറയാൻ കഴിയില്ല. ഉത്പാദന ചെലവിനെക്കാൾ കുറഞ്ഞ നിരക്കിൽ ജല വിതരണം നടത്തുന്നതാണ് കാരണം. ഒരു അനുബന്ധ കാരണമാണ് ഉല്പാദിപ്പിക്കുന്ന ജലം വിതരണം ചെയ്യുമ്പോഴുണ്ടാകുന്ന നഷ്ടം. വരുമാന നഷ്ടം ഒഴിവാക്കാൻ വിതരണ ശൃംഖല പുനരുദ്ധരിച്ച് അധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും.