kovalam

കോവളം: പട്ടികജാതി കുടുംബങ്ങൾക്കായി വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിൽ നിർമ്മിച്ച ഫ്ലാറ്റുകൾ ഉടൻ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാലാണ് ഫ്ളാറ്റ് സമുച്ചയം തുറന്നുകൊടുക്കാൻ വൈകിയത്. വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ലഭിക്കുംമുമ്പാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്. ചുറ്റുമതിൽ, ലിഫ്റ്റ് എന്നിവയുടെ നിർമ്മാണവും പൂർത്തിയായിരുന്നില്ല. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇത് പൂർത്തീകരിച്ചതോടെ സ്വന്തം വീടെന്ന നിരവധി കുടുംബങ്ങളുടെ സ്വപ്നമാണ് പൂവണിയുന്നത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം കെട്ടിടത്തിന്റെ സുരക്ഷാപരിശോധന നടത്തി പ്രവർത്തനാനുമതിക്കുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി) പഞ്ചായത്തിന് കൈമാറിയിരുന്നു. 20 സെന്റ് ഭൂമിയിൽ 21 വീടുകളാണ് ഫ്ലാറ്റ് സമുച്ചയത്തിലുള്ളത്. ബേസ്‌മെന്റിൽ അങ്കണവാടി, സ്വയം തൊഴിൽ പരിശീലനകേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഗവ. അക്രിയേറ്റഡ് ഏജൻസിയായ സെന്റർ ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ഫോർ റൂറൽ ഡെവലപ്‌മെന്റാണ് രൂപകല്പനയും നിർമ്മാണവും പൂർത്തീകരിച്ചത്.

ഉദ്ഘാടനം 2020ൽ

പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് രണ്ടുകോടി 55 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 70 ലക്ഷം രൂപയും ചെലവിട്ടാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം. പദ്ധതിക്കുവേണ്ടി 2017 ലാണ് പഞ്ചായത്ത് വെള്ളാറിൽ ഭൂമി വാങ്ങിയത്. മൂന്ന് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. 2020 ഓഗസ്റ്റ് 25നായിരുന്നു ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം.

ഒരു ഫ്ലാറ്റ് 500 സ്‌ക്വയർ ഫീറ്റ്

പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലാണ് സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. 500 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയാണ് ഒരു ഫ്ലാറ്റിനും ഉള്ളത്. രണ്ട് ബെഡ്റൂം ഹാൾ, കിച്ചൺ, ടോയ്ലെറ്റ് എന്നീ സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് ഓരോ ഫ്ലാറ്റും.

ആകെ ഭൂമി: 20 സെന്റ്

സമുച്ചയത്തിൽ: 21 ഫ്ളാറ്റുകൾ

ആകെ ചെലവ്: 3.25 കോടി

പഞ്ചായത്ത് വിഹിതം: 2.55 കോടി

ജില്ലാ പഞ്ചായത്ത് വിഹിതം: 70 ലക്ഷം