blood

നെയ്യാറ്റിൻകര: സന്നദ്ധ രക്തദാനം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു സർക്കാർ ജീവനക്കാരോട് അഭ്യർത്ഥിച്ചു. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സന്നദ്ധ രക്തദാതാക്കളുടെ കൂട്ടായ്മയായ ബൈജു രക്തദാനസേനയുടെ 30-ാമത് സന്നദ്ധരക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം റീജിയണൽ കാൻസർ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും രക്തദാനസേനകൾ രൂപീകരിക്കാൻ സർക്കാർ മുൻകൈയെടുക്കും. കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ഥിരം യാത്രക്കാരിൽ താത്പര്യമുള്ളവരെ രക്തദാനസേനയുടെ ഭാഗമാക്കുമെന്നും രക്തദാതാക്കളുടെ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക ഡയറക്ടറി കെ.എസ്.ആർ.ടി.സി പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, ആർ.സി.സി അഡി. ഡയറക്ടർ ഡോ. സജീദ്, എ.ടി.ഒ മുഹമ്മദ് ബഷീർ, എൻ.കെ. രഞ്ജിത്ത്, ഡോ. വിജയലക്ഷ്മി, എൻ.എസ്. വിനോദ് എന്നിവർ പങ്കെടുത്തു. നെയ്യാറ്റിൻകരയിൽ നിന്ന് ആർ.സി.സിയിലേക്കുള്ള രക്തദാന ബസ് യാത്ര കെ. ആൻസലൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ക്യാമ്പിന് സോണൽ ഓഫീസർ ജേക്കബ് സാം ലോപ്പസ്, അസി. ഡിപ്പോ എൻജിനിയർ നൗഷാദ് ഖാൻ, ജി. ജിജോ, എസ്.എസ്. സാബു, വി. സുനിൽകുമാർ, എസ്.എൽ. പ്രശാന്ത്, എസ്. ശ്യാമള, വി. സജിതകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.