തിരുവനന്തപുരം: നിലവിലെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത്, അഞ്ചു പതിറ്റാണ്ടിലേറെയായി വിവാദത്തിൽപ്പെട്ടു കിടക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പുനരുജ്ജീവിപ്പിക്കാൻ വൈദ്യുതി വകുപ്പ് വീണ്ടും നീക്കം തുടങ്ങി. 163 മെഗാവാട്ട് ഉത്പാദനമാണ് ലക്ഷ്യം.
നിയമസഭയുടെ നടപ്പു സമ്മേളനത്തിനിടെ തന്നെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം വിളിച്ച് ഇക്കാര്യം ചർച്ച ചെയ്യുമെന്നാണറിയുന്നത്. തുടർന്ന് പദ്ധതിയെ എതിർക്കുന്ന സംഘടനകളുമായി സമവായ ചർച്ചകളും നടത്തും.
നിർമ്മാണം പുരോഗമിക്കുന്ന ഏഴ് ചെറുകിട ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. ഇടുക്കി രണ്ടാം പദ്ധതി ആരംഭിക്കുകയും ചെയ്യും. ഇടുക്കി രണ്ടാം നിലയത്തിൽ 790 മെഗാവാവാട്ട് ഉത്പാദനമാണ് ലക്ഷ്യം.
അതിരപ്പിള്ളി പദ്ധതിക്ക് സംസ്ഥാന സർക്കരിന്റെ എൻ.ഒ.സി നിലവിലുണ്ട്. 2020 ജൂൺ 4 മുതൽ 7 വർഷത്തേക്കാണിത്. സമവായമുണ്ടായാൽ കേന്ദ്ര സർക്കാരിന്റെ അനുമതികളിലേക്ക് കടക്കും. സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിട്ടിയുടെ അനുമതി 2015 വരെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി 2019വരെയുമുണ്ടായിരുന്നു. തുടർ അനുമതിക്കായി കെ.എസ്.ഇ.ബി അപേക്ഷിച്ചിരിക്കയാണ്.
ജലലഭ്യത ഏറെയുണ്ടായിട്ടും നന്നേ ചെലവുകുറഞ്ഞ ജലവൈദ്യുതി ഉത്പാദനത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ പിന്നിലാണ് കേരളം. സംസ്ഥാന ആവശ്യത്തിന്റെ 30 ശതമാനം മാത്രമാണ് ജലവൈദ്യുത പദ്ധതികളിലൂടെ കിട്ടുന്നത്. ബാക്കി കേന്ദ്ര ഗ്രിഡും ഉയർന്ന വിലയ്ക്കുള്ള ദീർഘകാല കരാറുകളിലൂടെയുമാണ്.
കൽക്കരി ക്ഷാമം മൂലം കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മൂന്നാഴ്ചയായി പ്രതിസന്ധി നേരിടുന്നതിനാൽ രാത്രിയിലെ ഉപയോഗം കുറയ്ക്കാനാണ് വൈദ്യുതി വകുപ്പിന്റെ നിർദ്ദേശം.
20 ചെറുകിട പദ്ധതികൾ
20 ചെറുകിട ജലവൈദ്യുത പദ്ധതികളിൽ രണ്ടെണ്ണം പൂർത്തിയായി. ബാക്കി ഏഴെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
പദ്ധതി,ഉത്പാദന ശേഷി (മെഗാവാട്ടിൽ), പൂർത്തിയാകുന്നത്
പൊരിങ്ങൽക്കുത്ത് 24 2022 ഫെബ്രുവരി
തോട്ടിയാർ 40 2022മേയ്
പള്ളിവാസൽ 60 2022 ഡിസംബർ
ഭൂതത്താൻകെട്ട് 24 2022 ഡിസംബർ
പഴശിസാഗർ 7.5 2323 മാർച്ച്
ചിന്നാർ 24 2023 മാർച്ച്
പെരുവണ്ണാമൂഴി 6 2023 ജനുവരി
ചാത്തംകോട്ട് നടം 6 പൂർത്തിയായി
അപ്പർകല്ലാർ 2 പൂർത്തിയായി
കേരളത്തിന്റെ സ്ഥിതി
78.41 ദശലക്ഷം യൂണിറ്റ്: ഒരു ദിവസം വേണ്ടത്
18.60 ദശലക്ഷം യൂണിറ്റ്: പ്രതിദിന ജലവൈദ്യുതി
42 ദശലക്ഷം യൂണിറ്റ് കേന്ദ്ര ഗ്രിഡ്, ബാക്കി കരാറിലൂടെ
50 പൈസ
ഒരു യൂണിറ്റ് ജലവൈദ്യുതി ചെലവ്
6.60 രൂപ
മറ്റു തരത്തിലുള്ള വൈദ്യുതിക്ക് ചെലവ്
അതിരപ്പിള്ളി പദ്ധതിയെ എതിർക്കുന്നവർ വസ്തുത മനസിലാക്കി കടുംപിടിത്തം ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്.
- കെ.കൃഷ്ണൻകുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി
അതിരപ്പിള്ളി പരിഹാരമല്ല. കൽക്കരി ഉത്പാദനം കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പുനുരുപയോഗ ഊർജ്ജമാണ് വേണ്ചത്
- ആർ.വി.ജി. മേനോൻ, മുൻ പ്രസിഡന്റ്, ശാസ്ത്രസാഹിത്യ പരിഷത്ത്