police
പിങ്ക് പൊലീസ്

₹ഡി.ജി.പിക്ക് പട്ടിക വിഭാഗ കമ്മിഷന്റെ നിർദ്ദേശം

തിരുവനന്തപുരം: മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് നിരപരാധികളായ എട്ടു വയസുകാരിയെയും പിതാവിനെയും ആറ്റിങ്ങലിൽ നടുറോഡിൽ പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി .രജിതയ്ക്ക് ഇനി പൊലീസ് യൂണിഫോമിൽ ഔദ്യോഗിക ചുമതലകൾ നൽകരുതെന്നും, ശക്തമായ ശിക്ഷാനടപടിയെടുക്കണമെന്നും പട്ടിക വിഭാഗ- ഗോത്ര വർഗ്ഗ കമ്മിഷൻ ചെയർമാൻ ബി.എസ്.മാവോജി പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണമെന്ന പിങ്ക് പൊലീസിന്റെ ലക്ഷ്യത്തിന് വിരുദ്ധവും സാമാന്യനീതിക്ക് നിരക്കാത്തതുമാണ് രജിതയുടെ പ്രവൃത്തി. രജിത ഉന്നയിച്ച വ്യാജ ആരോപണങ്ങൾ പൊലീസിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്നും കമ്മിഷൻ വിലയിരുത്തി. പട്ടികജാതിക്കാരായതിനാലാണ് തന്നെയും മകളെയും മോഷ്ടാക്കളാക്കി പരസ്യമായി അപമാനിച്ചതെന്ന ജയചന്ദ്രന്റെ ആരോപണത്തിൽ കഴമ്പുണ്ട്.

മറ്റ് നിർദ്ദേശങ്ങൾ:

₹എട്ടുവയസുള്ള കുട്ടിക്ക് മാനസികാഘാതമുണ്ടാക്കിയത് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ശിക്ഷാർഹമാണ്. അന്വേഷണം നടത്തി ഡി.ജി.പി നടപടിയെടുക്കണം.

₹രജിതയുടെ നടപടി ജാതീയമായ അടിച്ചമർത്തലിന്റെ അടിസ്ഥാനത്തിലാണോയെന്നും

അന്വേഷിക്കണം.

₹പിങ്ക് പൊലീസിന്റെ ഉദ്ദേശം ബോദ്ധ്യപ്പെടുത്തുന്നതിന് സേനാംഗങ്ങൾക്ക് പരിശീലനം നൽകാൻ ആഭ്യന്തര സെക്രട്ടറി നടപടിയെടുക്കണം.

ശിക്ഷ നല്ല നടപ്പ്

രജിതയെ കൊല്ലത്തേക്ക് സ്ഥലംമാറ്റി 15 ദിവസത്തെ പെരുമാ​റ്റ പരിശീലനത്തിന് അയയ്ക്കുക മാത്രമാണ് ഡി.ജി.പി ചെയ്തത്. വീടിനടുത്തേക്ക് സ്ഥലം മാ​റ്റിയത് ശിക്ഷാനടപടിയല്ലെന്ന് ജയചന്ദ്രൻ ഡിജിപിക്ക് പരാതി നൽകിയപ്പോൾ, ഐ.ജി ഹർഷിതാ അട്ടല്ലൂരിയുടെ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും തുടങ്ങിയിട്ടില്ല. മൊബൈൽ ഫോൺ പൊലീസിന്റെ കാറിൽ നിന്ന് കണ്ടെടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥ മാപ്പു പറഞ്ഞില്ലെന്നത് മാത്രമാണ് കുറ്റമായി ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ കണ്ടെത്തിയത്. മ​റ്റൊരു പൊലീസ് ഉദ്യോഗസ്ഥ പൊലീസ് വാഹനത്തിലെ രജിതയുടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. എന്നിട്ടും ധിക്കാരപരമായിരുന്നു പെരുമാറ്റം.