വെഞ്ഞാറമൂട്: ആശുപത്രിയിൽ കയറി ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വട്ടപ്പാറ പള്ളിവിള അശ്വതി ഭവനിൽ ചിത്രസേനനാണ് (38) അറസ്റ്റിലായത്. കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സജിത്തിനാണ് മർദ്ദനമേറ്റത്.
ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. സഹോദരനുമായി ആശുപത്രിയിലെത്തിയ ചിത്രസേനൻ മുറിവ് ഡ്രസ് ചെയ്യാൻ താമസിച്ചെന്നുപറഞ്ഞ് ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നു. തടയാനെത്തിയ സുരക്ഷാജീവനക്കാരനെ മർദ്ദിച്ച ഇയാൾ വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. കൂടുതൽ ജീവനക്കാരെത്തിയാണ് ഇയാളെ തടഞ്ഞുവച്ച് വെഞ്ഞാറമൂട് പൊലീസിനെ ഏൽപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.