തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെ വാർഡിൽ

നിന്ന് രോഗിയുടെ സ്വർണവും പണവും കവർന്ന പ്രതി അറസ്റ്റിൽ. മണ്ണൂർക്കര പരുത്തിപ്പള്ളി ചെമ്മണംകുഴി റോഡരികത്ത് വീട്ടിൽ അമീർഹംസയാണ് (50) കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ആശുപത്രിയിലെ ക്യൂബിക്കൽ വാർഡിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തോന്നയ്ക്കൽ സ്വദേശിയായ സ്ത്രീയുടെ 20 പവൻ സ്വർണാഭരണവും 8,000 രൂപയുമാണ് ഇയാൾ കവർന്നത്.

സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവിൽ കഴിയുകയായിരുന്ന അമീർഹംസയെ കഴക്കൂട്ടം സൈബർസിറ്റി എ.സി.പി സി.എസ്.ഹരിയുടെ നേതൃത്വത്തിൽ വെമ്പായത്തുളള ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐമാരായ ജിനു, മിഥുൻ, എസ്.സി.പി.ഒ ബൈജു, സി.പിഒമാരായ സജാദ്ഖാൻ, സുജിത്, ഷിബിൻ, ഷഹാന എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.