abdhulla-

തൃശൂർ: ജനകീയ ഡോക്ടർ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ത്വക് രോഗ വിദഗ്ദ്ധൻ ഡോ.എ.കെ. അബ്ദുള്ള (97) പാട്ടുരായ്ക്കലിലെ വസതിയിൽ നിര്യാതനായി. തൃശൂർ ജില്ലാ ആശുപത്രിയിൽ നിന്ന് സർവീസ് തുടങ്ങിയ ഡോക്ടർ അബ്ദുള്ള 32 വർഷത്തെ സേവനത്തിന് ശേഷം സിവിൽ സർജനായാണ് വിരമിച്ചത്. ഇതിനിടയിൽ 6 വർഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചു. തൃശൂരിലെ ആരോഗ്യ സാമൂഹ്യ സാംസ്‌കാരിക കായിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു.

കേരളത്തിലെ മികച്ച ത്വക് രോഗ വിദഗ്ദ്ധനായി അറിയപ്പെട്ടിരുന്ന അബ്ദുള്ളയുടെ സേവനം തേടി വിദേശങ്ങളിൽ നിന്ന് പോലും രോഗികളെത്തുമായിരുന്നു. സമീപകാലം വരെ കർമ്മനിരതനായിരുന്നു. കായിക പ്രേമിയായ ഡോ. അബ്ദുള്ള തൃശൂർ ജില്ലാ കബഡി അസോസിയേഷൻ സ്ഥാപക പ്രസിഡന്റാണ്. ഒരു കാലഘട്ടത്തിൽ തൃശൂരിൽ നടന്ന എല്ലാ ഇനം കായിക മത്സരങ്ങളുടെയും സംഘാടകനായിരുന്നു. കായികതാരങ്ങൾക്ക് ചികിത്സ സൗജന്യവുമായിരുന്നു. പറവൂർ ചേന്ദമംഗലം അഞ്ചാംപറത്തിങ്കൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ നമീറ ബീവി, മറിയംകുട്ടി. മക്കൾ: ഹസീന ഉണ്ണി മൂപ്പൻ, മുഹമ്മദ് സഗീർ, ഡോ. യൂസഫ് സിദ്ദിഖ് (യു.എസ്.എ), പരേതയായ ജാസ്മിൻ. മരുമക്കൾ: ഡോ. ഉണ്ണി മൂപ്പൻ (യു.എസ്.എ), സീനത്ത്, ഡോ. ജസിൻ (യു.എസ്.എ,) ഡോ. അബ്ദുൾ ഖാദർ (എറണാകുളം). കബറടക്കം ഇന്ന് രാവിലെ 10ന് കാളത്തോട് ഖബറിസ്ഥാനിൽ.