തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിൻെറ രണ്ടാം അലോട്ട്മെൻറും നിരവധി കുട്ടികളെ ധർമ്മസങ്കടത്തിലാക്കി.. എ പ്ളസ് നേടിയവർക്ക് പോലും ആഗ്രഹിച്ച കോഴ്സും സ്കൂളും കിട്ടാത്ത സ്ഥിതി. ഇരുപത് സ്കൂളുകളിൽ ഓപ്ഷൻ കൊടുത്തിട്ട് ഒരിടത്ത് പോലും പ്രവേശനം കിട്ടിയില്ലെന്ന പരാതിയുള്ളവരുമുണ്ട്. സയൻസ് മോഹിച്ചവർക്ക് ഹ്യൂമാനിറ്റീസ് പോലും കിട്ടിയില്ല.
ഇനി സപ്ളിമെൻററി അലോട്ട്മെൻറാണ് ശേഷിക്കുന്നത്. 26 ന് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇവർക്കാർക്കും അപേക്ഷിക്കാനാവില്ല. അഡ്മിഷൻ ലഭിക്കാതെ പുറത്ത് നിൽക്കുന്നവർക്ക് മാത്രമാവും അവസരം.
കൊവിഡ് കാലത്ത് ഓൺലൈനിൽ പഠിച്ച് പരീക്ഷ എഴുതിയ 99.5 ശതമാനം പേരാണ്
എസ്.എസ്.എൽ.സി വിജയിച്ചത്. സംസ്ഥാനത്ത് ഇത്രയും പേർ വിജയിക്കുന്നതും, എ പ്ളസ് നേടുന്നതും ആദ്യമാണ്. ഇതിൻെറ അടിസ്ഥാനത്തിൽ 20 ശതമാനം സീറ്റ് ഏഴ് ജില്ലകളിൽ കൂട്ടിയിരുന്നു.. സി.ബി.എസ്.ഇ സിലബസിൽ പഠിച്ച വലിയൊരു വിഭാഗം കുട്ടികളാണ് പ്ളസ് വണ്ണിന് സംസ്ഥാന സിലബസിൽ അപേക്ഷ സമർപ്പിച്ചത്. ഇതും ഇഷ്ടവിഷയങ്ങൾ കിട്ടാൻ തടസമായി.
ആശങ്ക വേണ്ടെന്ന്
മന്ത്രി ശിവൻകുട്ടി
പ്ലസ് വൺ അലോട്ട്മെന്റിൽ ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, അൺ എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശനം എന്നിവ ഇന്നേ ആരംഭിക്കൂ. ഇത്തരത്തിൽ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്‌പോർട്‌സ് ക്വാട്ട സീറ്റുകൾ പൊതു മെരിറ്റ് ക്വാട്ട സീറ്റുകളായി പരിവർത്തനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോൾ ആകെ 1,22,384 സീറ്റുകൾ ലഭ്യമാണ്. ഇതിനു പുറമേ പാേളിടെക്നിക് , എെ.ടി.എെ എന്നിവിടങ്ങളിലായി 97,283 സീറ്റുകളുണ്ട്.
2,70,188 സീറ്റുകളിലേയ്ക്കാണ് ഏകജാലക പ്രവേശനം നടത്തുന്നത്. 4,65,219 പേരാണ് അപേക്ഷിച്ചത്. ഇതിൽ സ്വന്തം ജില്ലയ്ക്ക് പുറമേ 39,489 പേർ മറ്റ് ജില്ലകളിലും അപേക്ഷിച്ചിട്ടുണ്ട്. യഥാർത്ഥ അപേക്ഷകർ 4,25,730 പേരാണ്..