തിരുവനന്തപുരം: കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന രാപ്പകൽസമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ ജില്ലയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബി.ജെ.പി ജനപ്രതിനിധികൾ നഗരസഭയ്ക്കു മുന്നിൽ സത്യഗ്രഹം നടത്തി. രാവിലെ 10 മുതൽ 4 വരെ നടത്തിയ സമരം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീർ ഉദ്ഘാടനം ചെയ്തു.

തലസ്ഥാനം കേന്ദ്രമായി പ്രവർത്തിക്കുന്ന സി.പി.എം സംസ്ഥാന നേതാക്കളുടെ ഒത്താശയോടെയാണ് വീട്ടുകരം തട്ടിപ്പ് അരങ്ങേറിയതെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതിപ്പണം പോകുന്നത് പാർട്ടി ഓഫീസിലേക്കും നേതാക്കളിലേക്കുമാണ്. ചില പൊലീസ് ഉദ്യോഗസ്ഥർക്കും ഇതിന്റെ പങ്ക് കിട്ടുന്നുണ്ട്. അതുകൊണ്ടാണ് പ്രതികളെ അറസ്റ്റുചെയ്യാൻ മടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ് സി. ശിവൻകുട്ടി, സെക്രട്ടറി കരമന ജയൻ, അഡ്വ.എസ്. സുരേഷ്, അഡ്വ.ജെ.ആർ. പദ്മകുമാർ, ജില്ലാപ്രസിഡന്റ് വി.വി. രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്,​ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നന്ദുകൃഷ്ണ,​ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.