വെമ്പായം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഗൃഹനാഥൻ വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കന്യാകുളങ്ങര സിയോൺകുന്നിൽ ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം.

പെരുംങ്കൂർ ഉടയൻ പാറകോണത്ത് വീട്ടിൽ അനിക്കുട്ടൻ (45) എന്ന ജോണിയാണ് ഭാര്യ ഷിബിയെ (35) വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വിഷം കഴിച്ചത്. ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് അനിൽകുമാർ വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. തലയിൽ വെട്ടുകൊണ്ട ഷിബി വീടിനു പുറത്തുവന്ന് റോഡരികിൽ ഇരുന്നു. സംഭവമറിഞ്ഞ നാട്ടുകാരാണ് വട്ടപ്പാറ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തിയാണ് യുവതിയെ ആംബുലൻസിൽ

കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചത്.

അനിൽകുമാറിനായി വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് വീടിന് സമീപം ഇയാൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കന്യാകുളങ്ങര ആശുപത്രിയിലെത്തിച്ചെങ്കിലും വിഷം കഴിച്ചതായി സംശയം ഉള്ളതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സ്ഥിരം മദ്യപാനിയായ അനിൽകുമാർ വീട്ടിൽ എന്നും പ്രശ്നം ഉണ്ടാക്കിയിരുന്നു. ചൊവ്വാഴ്ച ഇയാൾക്കെതിരെ ഷിബി വട്ടപ്പാറ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഷിബിയോട് അമ്മയുടെ വീട്ടിലേക്ക് മാറിത്താമസിക്കാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ മക്കളെ മാത്രം അമ്മയുടെ വീട്ടിലേക്ക് അയച്ച ഷിബി ഭർത്താവിനൊപ്പം കഴിയുകയായിരുന്നു. വട്ടപ്പാറ പൊലീസ് കേസെടുത്തു.