തിരുവനന്തപുരം: നഗരസഭയിൽ നികുതി വെട്ടിപ്പ് നടത്തിയവരെ കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സസ്‌പെൻഡ് ചെയ്തു.

നേമം സോണൽ ഓഫീസ് സൂപ്രണ്ട് എസ്. ശാന്തി, കാഷ്യർ സുനിത, ആറ്റിപ്ര സോണൽ ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് ജോർജ്ജ് കുട്ടി, ശ്രീകാര്യം സോണൽ ഓഫീസ് അറ്റൻഡന്റ് ബിജു എന്നിവരെയാണ് യൂണിയന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നടപടിയെന്നാണ് സൂചന.

എന്നാൽ തട്ടിപ്പ് നടത്തിയവർക്ക് യൂണിയന്റെ പിന്തുണയുള്ളതിനാലാൽ നടപടി സസ്പെൻഷനിൽ ഒതുങ്ങിയതെന്നും ആക്ഷേപമുണ്ട്. രണ്ടുമാസം മുമ്പാണ് ശ്രീകാര്യം സോണലിൽ തട്ടിപ്പ് നടന്നത്. അവിടത്തെ ഓഫീസ് അറ്റൻഡന്റിനെതിരെയുള്ള നടപടി വൈകിച്ചത് യൂണിയൻ അംഗമായതിനാലാണ് എന്നാണ് പരാതി. നേമം സോണൽ ഓഫീസിലെ സൂപ്രണ്ട് ശാന്തിക്കെതിരെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും ഇത്തരത്തിൽ അഴിമതി ആരോപണമുണ്ടായിരുന്നു. അന്ന് ഒരു യൂണിയൻ നേതാവാണ് അത് ഒതുക്കിത്തീർത്തതെന്നും ആക്ഷേപമുണ്ട്.

നഗരസഭയിൽ യൂണിയന്റെ അതിപ്രസരം

ഏത് കാര്യത്തിനും നഗരസഭയിൽ യൂണിയന്റെ അമിതമായ ഇടപെടലുകളുണ്ടെന്ന പരാതി ഉയർന്നിട്ട് കാലങ്ങളായി. പലരും യൂണിയന്റെ ബലത്തിൽ അഴിമതികൾ കാണിച്ചിട്ട് പിടിക്കപ്പെടാത്തതും ഇതുകാരണമാണെന്നാണ് ആക്ഷേപം. അഴിമതിക്കാർക്കെതിരെ ഭരണസമിതി നടപടിയെടുക്കാൻ തുനിഞ്ഞാൽ യൂണിയൻ ഇടപെട്ട് അത് റദ്ദാക്കിക്കും.

ഇത്തരക്കാർക്കെതിരെ യൂണിയൻ കർശനമായ നടപടിയെടുക്കണമെന്ന് പാർട്ടി താക്കീത് നൽകിയെങ്കിലും അത് നടന്നില്ല. അതാണ് ഇത്തരത്തിൽ വലിയ തട്ടിപ്പിന് വഴിവച്ചതെന്നാണ് ആക്ഷേപം.

പൊലീസ് നടപടി എങ്ങുമെത്തിയില്ല

നികുതി വെട്ടിച്ചവർക്കെതിരെയുള്ള പൊലീസ് നടപടി ഒന്നുമായില്ല. ആദ്യ തട്ടിപ്പ് നടന്ന ശ്രീകാര്യം സോണലിലെ ഓഫീസ് അറ്റൻഡന്റ് ബിജു ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇയാ‍ൾ കുറ്റംചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ബിജുവിനെ കണ്ടെത്താത്തതിനാൽ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. നേമത്ത് തട്ടിപ്പിൽ പ്രതിഷേധങ്ങൾക്കും സമ്മ‌ർദ്ദങ്ങൾക്കും വഴങ്ങി സെക്രട്ടറി മൂന്ന് ദിവസം മുമ്പാണ് പൊലീസിൽ റിപ്പോർട്ട് നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സോണൽ ഓഫീസിലുള്ളവരുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ മറ്റ് നടപടികളിലേക്ക് പോയിട്ടില്ല. ആറ്റിപ്രയിലും സമാന സാഹചര്യമാണ്.