ബാലരാമപുരം: ഭാര്യയെ തുറിച്ചുനോക്കിയെന്നാരോപിച്ച് യുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചയാൾ ക്രിമിനൽ കേസ് പ്രതി. നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചിട്ടും ഇയാളെ വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7നാണ് ബാലരാമപുരത്തു വച്ച് വെങ്ങാനൂർ മാറവത്തല ആരിഷ് ഭവനിൽ അഖിൽ വിജയ് (31), വെണ്ണിയൂർ പുതുവൽ പുത്തൻവീട്ടിൽ കൃഷ്ണകുമാർ (30) എന്നിവർക്ക് മർദ്ദനമേറ്റത്. സ്റ്റാച്യൂ ചിറക്കുളം സ്വദേശിയും പുന്നമൂട് പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്നയാളുമായ ഗിരീഷാണ് ഇവരെ മർദ്ദിച്ചത്. ആക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഗീരീഷിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചു. എന്നാൽ തങ്ങളുടെ സ്റ്റേഷൻ ലിമിറ്റിലല്ല സംഭവം നടന്നതെന്ന് പറഞ്ഞ് പ്രതിയെ വഴിക്കുവച്ച് ഇറക്കിവിടുകയാണ് പൊലീസ് ചെയ്തത്.
ചെവിയിൽ ആറ് തുന്നലും തലയ്ക്കും തോളിനും ക്ഷതവുമേറ്റ അഖിൽ ഇപ്പോഴും ചികിത്സയിലാണ്. കൃഷ്‌ണകുമാറിന്റെ രണ്ട് പല്ലുകൾക്കും മൂക്കിന്റെ പാലത്തിനുമാണ് പരിക്കേറ്റത്. ഭാര്യയുമൊത്ത് വന്ന ഗിരീഷ് യാതൊരുവിധ പ്രകോപനവുമില്ലാതെ ഗുണ്ടയെപ്പോലെ പെരുമാറിയെന്നാണ് യുവാക്കൾ പറയുന്നത്. കടയുടമയും നാട്ടുകാരും ഇതിന് സാക്ഷികളാണ്. വഞ്ചിയൂർ സ്റ്റേഷനിൽ ഗീരിഷിനെതിരെ ക്രിമിനൽ കേസ് നിലവിലുണ്ടെന്നും ജാമ്യത്തിൽ പുറത്തിറങ്ങിയതാണെന്നുമാണ് പൊലീസ് പറയുന്നത്. ഗിരീഷിനെതിരെ യുവാക്കൾ ബാലരാമപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.