വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചാരുപാറ, പേരയത്തുപാറ, ജ്‌ഞാനിക്കുന്ന്, അരുവിക്കരമൂല, എട്ടാംകല്ല് മേഖലയിൽ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി.
കാറ്റോ മഴയോ വന്നാലുള്ള അവസ്ഥ പിന്നെ പറയണ്ട. പകൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് മൂലം സ്കൂളുകളിലെ ഒാൺലൈൻ ക്ലാസും മറ്റും മുടങ്ങുകയും പ്രവർത്തനം തടസപ്പെടുകയുമാണ്. ഇതു സംബന്ധിച്ച് അനവധി തവണ വിതുര ഇലക്ട്രിക് ഓഫീസിൽ പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല. ലൈനിൽ പണികൾ നടക്കുന്നത് മൂലമാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്നാണ് അധികൃതർ പറയുന്നത്.
രാവിലെ 9ന് വൈദ്യുതി വിതരണം നിലച്ചാൽ വൈകിട്ട് 5ന് ശേഷമാണ് പുനഃസ്ഥാപിക്കുന്നത്. ചിലപ്പോൾ തുടർച്ചയായി രണ്ട് ദിവസം വരെ വൈദ്യുതി നിലയ്ക്കും. വൈദ്യുതി വിതരണം തുടർച്ചയായി മുടങ്ങുന്നത് മൂലം വിദ്യാർത്ഥികളുടെ പഠനം തടസപ്പെടുന്നതായും പരാതിയുണ്ട്. ഒാഫീസുകളുടെ അവസ്ഥയും വിഭിന്നമല്ല. ലൈൻ പണി ഉടൻ പൂർത്തീകരിക്കുമെന്നാണ് കെ.എസ്.ഇ.ബി മേധാവി വ്യക്തമാക്കുന്നത്.