ബാലുശ്ശേരി: തലയാട് വയലട ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കാവുംപുറം, മണച്ചേരി വഴിയുള്ള റോഡിൽ അപകട പെരുമഴയാണ്. റോഡിന്റെ വീതി കുറവും സംരക്ഷണ ഭിത്തിയില്ലാത്തതും അപകട കാരണമാകുന്നു. കഴിഞ്ഞ ദിവസം മരം കയറ്റി വന്ന പിക്കപ്പ് വാൻ വൈദ്യർ വളവിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവറും തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
നേരത്തെ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ചും മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് സ്വദേശികളായ അച്ഛനും അമ്മയും മകളും ബൈക്കിൽ യാത്ര ചെയ്യവേ കൊക്കയിലേക്ക് മറിഞ്ഞും ഗുരുതരമായി പരിക്കേറ്റിരുന്നു. അമ്മ നട്ടെല്ലിന് ക്ഷതമേറ്റ് ഇപ്പോഴും കിടപ്പിലാണ്. ഇങ്ങനെ നിരവധി അപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. റോഡിന്റെ ഇരു ഭാഗങ്ങളിലും കാട് മൂടിക്കിടക്കുന്നതും റോഡിന്റെ ഓരങ്ങളിൽ സ്വകാര്യ വ്യക്തികൾ വാഴ, കപ്പ, ചേന, ചേമ്പ്, മഞ്ഞൾ തുടങ്ങിയ കൃഷികൾ നടത്തുന്നതും എതിരെ വരുന്ന വാഹനങ്ങൾ തമ്മിൽ കാണാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
മാത്രവുമല്ല കൃഷിയ്ക്ക് ഇടയ്ക്കിടെ മണ്ണ് ഇളക്കുന്നതു മൂലം മഴ പെയ്യുമ്പോൾ റോഡരികിലെ മണ്ണ് കുത്തി ഒലിച്ച് പോവുകയും ചെയ്യുന്നതോടെ റോഡിന്റെ ഓരം ഇടിഞ്ഞു പോകുന്നതായും ആക്ഷേപമുണ്ട്. സമയാസമയങ്ങളിൽ റോഡിലെ അറ്റകുറ്റപ്പണികൾ നടത്താത്തതും റോഡ് തകരാൻ കാരണമാവുന്നു. അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങൾ ഇതു വഴി പോകുന്നതും റോഡ് പല ഭാഗത്തും താഴ്ന്ന് പോകുകയും പൊട്ടിപൊളിഞ്ഞു കിടക്കുകയുമാണ്. പനയുള്ള കണ്ടി ഭാഗത്ത് കൽവർട്ട് ഇടിഞ്ഞ് താഴ്ന്നു കിടക്കുയാണ്. ഹെയർപിൻ വളവുകളും കുത്തനെയുള്ള ഇറക്കവും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു.
തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു റോഡിന്റെ ഇരുവശത്തേയും കാടുകൾ വെട്ടിയിരുന്നത്. പി.ഡബ്ല്യു.ഡി. ചെയ്യേണ്ടതാണിത്. പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത് എതിരെ വരുന്ന വാഹനങ്ങൾ കാണാത്തതും സംരക്ഷണഭിത്തികൾ ഇല്ലാത്തത് കൊണ്ടുമാണ്.
റംല ഹമീദ്
മൂന്നാം വാർഡ് മെമ്പർ
പനങ്ങാട് ഗ്രാമ പഞ്ചായത്ത്
അപകടം ഒഴിവാക്കാൻ റോഡിന് സംരക്ഷണ ഭിത്തി അനിവാര്യമാണ്. പലപ്പോഴും അപകടത്തിൽ പെട്ടവരേയും
കൊണ്ട് ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതി പ്രദേശവാസികൾക്ക് ഉണ്ടാവാറുണ്ട്. അഴുക്ക് ചാൽ ഉള്ള ഭാഗങ്ങളിലും മണ്ണ് വന്ന് നിറഞ്ഞത് കാരണം വെള്ളം റോഡിലൂടെ കുത്തി ഒലിക്കുകയാണ്.
കെ.ജി. ശ്രീനിവാസൻ
റോഡ് സംരക്ഷണ സമിതി അംഗം
മണിച്ചേരി മുതൽ കാവുംപുറം വരെ റോഡിന്റെ സ്ഥിതി പരമ ദയനീയമാണ്. സിഗ്‌നൽ ബോർഡുകൾ വേണ്ടത്ര ഇല്ലാത്തതും അപകടം വിളിച്ചു വരുത്തുന്നു.
പി.പി. രാജു മണിച്ചേരി
പ്രദേശവാസി