ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് ക്ഷേത്ര സേവാപന്തലിലെ സരസ്വതി മണ്ഡപത്തിൽ ഭക്തിനിർഭരമായ തുടക്കം. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ക്ഷേത്ര മേൽശാന്തി നന്ദന മഠത്തിൽ പ്രേംകുമാർ പോറ്റി ഭദ്രദീപം തെളിച്ചു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.എസ്. ദിലീപ് കുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡന്റ് മിഥുൻ ടി. ദദ്രൻ, മണികുമാർ ശാർക്കര, കിട്ടുഷിബു, എസ്. വിജയകുമാർ, രാജശേഖരൻനായർ, ഭദ്രകുമാർ, ഗിരീഷ്‌കുമാർ, എസ്. സുധീഷ്, അഭിൻലാൽ, ഷൈജു തുടങ്ങിയവർ പങ്കെടുത്തു.
13 ന് വൈകിട്ട് പൂജവയ്പ്, 14ന് ആയുധപൂജ, വിദ്യാരംഭ ദിനമായ 15ന് രാവിലെ 7 മുതൽ ക്ഷേത്ര മേൽശാന്തി നന്ദനമഠം പ്രേംകുമാർ പോറ്റിയുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ. വൈകിട്ട് 4.30ന് സംഗീതശ്രേണിയിലെ നവാഗതരും പ്രശസ്തരും സമർപ്പിക്കുന്ന സംഗീതാരാധന. എഴുത്തിനിരുത്തൽ ചടങ്ങിലും സംഗീതാർച്ചനയിലും പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
സംഗീതോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6ന് വയലിൻ അരങ്ങേറ്റം, 9ന് വൈകിട്ട് 6ന് വെള്ളായണി അശോകൻ നയിക്കുന്ന സംഗീതസദസ്, 10ന് വൈകിട്ട് 6ന് വിനീത നയിക്കുന്ന സംഗീതസദസ്, 11ന് വൈകിട്ട് 6ന് തേക്കടി രാജൻ നയിക്കുന്ന സംഗീതസദസ്, 12ന് വൈകിട്ട് 6ന് വൃന്ദാവനം പാർത്ഥസാരഥി നയിക്കുന്ന സംഗീത സദസ്, 13ന് വൈകിട്ട് 6ന് ആയാംകുടി മണി നയിക്കുന്ന സംഗീതസദസ്, 14ന് വൈകിട്ട് 6ന് ചിറയിൻകീഴ് സുധീഷ് നയിക്കുന്ന സംഗീത സദസ്, 15ന് വൈകിട്ട് 4.30 മുതൽ സംഗീതാരാധന എന്നിവ ഉണ്ടായിരിക്കും.