mind

ലോക മാനസികാരോഗ്യദിനം ഇന്ന്

...................................................

വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 10 ലോകമാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. മാനസികാരോഗ്യ പരിരക്ഷാരംഗത്തു നിലനിൽക്കുന്ന സങ്കീർണ പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധ ആകർഷിക്കുക, ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. അസമത്വത്തിന്റെ ലോകത്തിലെ മാനസികാരോഗ്യം (Mental Health In An Unequal World) എന്നതാണ് ഈ വർഷത്തെ ചർച്ചാവിഷയം. ആരോഗ്യപരിരക്ഷ, സാമ്പത്തികം, വംശീയം, മനുഷ്യാവകാശ പരിരക്ഷ തുടങ്ങിയ എല്ലാ മേഖലകളിലും നിലനിൽക്കുന്ന അസമത്വം ആഗോളാടിസ്ഥാനത്തിൽ വർദ്ധിക്കുകയാണ്. കൊവിഡ് മഹാമാരിയെത്തുടർന്ന് അസമത്വത്തിന്റെ കൂടുതൽ ധ്രുവീകരിക്കപ്പെട്ടു.

ആഗോളാടിസ്ഥാനത്തിൽ നൂറുകോടി ജനം മാനസിക രോഗബാധിതരാണെന്നും മുന്നൂറുകോടി ആളുകൾ മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം പ്രതിവർഷം മരണമടയുന്നുവെന്നും കണക്കുകൾ പറയുന്നു. ഓരോ നാൽപ്പതു സെക്കൻഡിലും ഒരാൾവീതം ആത്മഹത്യ ചെയ്യുന്നു. ഇന്ത്യയിൽ മനോരോഗങ്ങളുടെ വ്യാപ്തി 10 ശതമാനമാണ് (14 കോടി). ഇതിൽ ഒരു കോടി ആൾക്കാർ ഗുരുതര രോഗമുള്ളവരാണെന്നും 2.9 കോടി മദ്യത്തിനും, 25 ലക്ഷം കഞ്ചാവിനും 28 ലക്ഷം പേർ കറുപ്പുല്പന്നങ്ങൾക്കും 10 ലക്ഷം കൊക്കെയ്‌ൻ എന്ന മാരക ലഹരിവസ്തുവിനും അടിമപ്പെട്ടിരിക്കുന്നെന്നും ഏഴ് ലക്ഷം കുട്ടികൾ ലഹരിവസ്തുക്കൾക്കടിമകളാണെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

കൊവിഡ് മൂലമുള്ള ലോക്‌ഡൗൺ, സാമൂഹിക അകലം പാലിക്കൽ, മഹാമാരിയാലുള്ള മാനസിക സമ്മർദ്ദം തുടങ്ങിയവയെല്ലാം മാനസികാരോഗ്യത്തെ തളർത്തി. കൊവിഡിനെപ്പറ്റി പ്രായമായവരിലെ ഭയം, ഒറ്റപ്പെടൽ, വിദ്യാലയങ്ങൾ അടച്ചിട്ടപ്പോൾ കുട്ടികൾക്കുണ്ടായിട്ടുള്ള മാനസിക പ്രശ്നങ്ങൾ, കുടുംബാന്തരീക്ഷത്തിൽ വർദ്ധിക്കുന്ന അക്രമങ്ങൾ, ദീർഘകാല ശാരീരിക രോഗങ്ങൾ അനുഭവിക്കുന്നവരിലെ മാനസിക പ്രശ്നങ്ങൾ എന്നിവയെല്ലാം വർദ്ധിച്ചു. ആരോഗ്യ പരിരക്ഷയെയും വിശിഷ്യാ മാനസികാരോഗ്യ പരിരക്ഷയെയും കൊവിഡ് പ്രതികൂലമായി ബാധിച്ചു. ചികിത്സ അർഹിക്കുന്ന മനോരോഗികളിൽ 70 മുതൽ 80 ശതമാനത്തിനും അത് ലഭ്യമല്ലെന്നായിരുന്നു മഹാമാരിക്കു മുമ്പുള്ള അവസ്ഥ. കൊവിഡ് കാലത്ത് ഈ സംഖ്യ വർദ്ധിച്ചു. ആരോഗ്യപരിരക്ഷാ രംഗത്തുള്ള നിക്ഷേപത്തിന്റെ സിംഹഭാഗവും ലഭ്യമായ സ്രോതസുകളും കൊവിഡുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങൾക്കുള്ള ചികിത്സക്കും പ്രതിരോധമാർഗങ്ങൾക്കും വേണ്ടിയാണ് വിനിയോഗിച്ചത്. സർക്കാർ മേഖലയിൽ ലഭിച്ചിരുന്ന സൗജന്യ മനോരോഗ ചികിത്സയും സൗജന്യ മരുന്നുകളും ലഭിക്കാതായതോടെ സാമ്പത്തികശേഷിയില്ലാത്തവർക്ക് ചികിത്സ അപ്രാപ്യമായി.

മാനസികാരോഗ്യമില്ലാതെ ആരോഗ്യമില്ല എന്ന സത്യം അംഗീകരിച്ചുകൊണ്ട് മാനസികാരോഗ്യ പരിരക്ഷക്കും ശാരീരികാരോഗ്യ പരിരക്ഷക്കും തുല്യപ്രാധാന്യം നൽകുന്ന സമീപനമാണ് ഇതിനുള്ള പരിഹാരം.

ശരീരത്തിനാവശ്യമായ ചില രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥമൂലം മനുഷ്യമസ്തിഷ്കത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന വ്യതിയാനമാണ് മനോരോഗങ്ങൾക്ക് കാരണമെന്നും ശാരീരികരോഗം പോലെയാണ് മനോരോഗങ്ങളെന്നുമുള്ള വസ്തുത സമൂഹത്തിലെത്തണം.

2021ൽ ചേർന്ന ലോകാരോഗ്യസഭ അംഗരാജ്യങ്ങളിലെ പൗരന്മാരുടെ മാനസികാരോഗ്യപരിരക്ഷ ഉറപ്പാക്കേണ്ടതിന്റെയും മാനസിക ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞ് അതു നടപ്പിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

(ലേഖകൻ കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി മുൻ സെക്രട്ടറിയും മാനസികാരോഗ്യ വിദഗ്ദ്ധനുമാണ് )