നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചിരുന്ന സി.എഫ്.എൽ.ടി കേന്ദ്രം അടച്ചുപൂട്ടി. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ഒഴിഞ്ഞുകൊടുക്കണമെന്ന സ്കൂളധികൃതരുടെ ഉത്തരവിനെ തുടർന്നാണ് അടച്ചുപൂട്ടിയതെന്ന് നഗരസഭ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പാണ് ഇവിടത്തെ കേന്ദ്രം അടച്ചൂപൂട്ടി ചികിത്സയിലുണ്ടായിരുന്ന അഞ്ച് രോഗികളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒരു വർഷം മുമ്പാണ് കൊവിഡ് രോഗികൾക്കായി 40 കിടക്കകളും അനുബന്ധ ചികിത്സാ സൗകര്യങ്ങളും സജ്ജമാക്കി നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
കൊവിഡ് ഇപ്പോഴും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ഇവിടെ നിന്ന് സെന്റർ മാറ്റിയത് വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് നഗരസഭയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ പരാതി. കൊവിഡ് രോഗികൾക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഒരു വാർഡും വ്ലാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിൽ ഡി.സി.സി പ്രവർത്തിക്കുന്ന കേന്ദ്രവും ഏറ്രെടുക്കുമെന്ന് നഗരസഭ പറയുന്നെങ്കിലും ഇത് സംബന്ധിച്ച് തീരുമാനമൊന്നുമായില്ല. കളക്ടറുടെ ഉത്തരവ് കിട്ടാത്തതിലുള്ള കാലതാമസം കൊണ്ടാണ് വ്ലാങ്ങാമുറിയിലെ കേന്ദ്രം ഏറ്റെടുക്കാൻ വൈകുന്നതെന്നും ഉത്തരവ് വരുന്ന മുറയ്ക്ക് അടിയന്തരമായി കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കുമെന്നും നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ അറിയിച്ചു.