photo1

പാലോട്: ആയിരത്തോളം കുടുംബങ്ങളുടെ സ്വപ്നമായ മണലിപാലം പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ പൂർത്തീകരണത്തിലേക്ക്. മണലിയിലേക്ക് നേരത്തേ ഉണ്ടായിരുന്ന തലത്തൂതക്കാവ് കമ്പിപാലവും, നടപ്പാലവും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയിരുന്നു. തുടർന്ന് മണലിയിൽ നിർമ്മിച്ചിരുന്ന ചെറിയ ഇരുമ്പുപാലം നടപ്പാലമായി ഉപയോഗിച്ച് വരികയായിരുന്നു.

വാമനപുരം നദിയിലെ മണലിയിൽ ഒരു പാലം എന്ന ആവശ്യവുമായി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി നാട്ടുകാർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയാണ്. ഒടുവിൽ 2020ൽ നബാർഡിൽ നിന്ന് 1.68 കോടി രൂപയും എം.എൽ.എ ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപയും അനുവദിച്ചു.
2.10 കോടി രൂപയ്ക്കാണ് പാലം പണി ആരംഭിച്ചത്.എന്നാൽ മേയ് മാസം 26ന് ഉണ്ടായ ശക്തമായ മഴയിൽ നിർമ്മാണ ഘട്ടത്തിലായിരുന്ന പാലത്തിന്റെ മെയിൻ സ്ക്രബുകളും 25 ടൺ കമ്പിയും ഒലിച്ചുപോയി. തുടർന്ന് എം.എൽ.എ ജി. സ്റ്റീഫന്റെ ഇടപെടലിനെ തുടർന്നാണ് പാലം യാഥാർത്ഥ്യത്തിലെത്തിയിരിക്കുന്നത്. നിലവിലുണ്ടായിരുന്ന പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മാണം തുടരുന്നത്. 20.6 മീറ്റർ നീളവും 7 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. എക്സി. എൻജിനിയർ രാജേഷ്, അസി. എക്സി. എൻജിനീയർ ദീപ, അസി. എൻജിനീയർ നിഷാ പിള്ള, ഓവർസിയർ രജിത എന്നിവരുടെ മേൽനോട്ടത്തിൽ നന്ദിയോട് ശിവാ കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ സുനിലാലിന്റെ നേതൃത്വത്തിലാണ് പാലത്തിന്റെ നിർമ്മാണം നടത്തുന്നത്.