വന്യമൃഗങ്ങളെ നേരിടുന്നതിൽ സഭയിലെ മിക്കവാറും സാമാജികരെല്ലാം ഒരേപക്ഷക്കാരാണ്. സകല ആനകളെയും കാട്ടുപോത്തുകളെയും കടുവകളെയും കാട്ടുകുരങ്ങുകളെയും ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വെടിവച്ച് കൊല്ലാൻ വിട്ടുകിട്ടണമെന്ന് പലരും ആഗ്രഹിക്കുന്നു. അതിൽ ഭരണ - പ്രതിപക്ഷ ഭേദമില്ല. ചില അപവാദങ്ങളുണ്ടാകാമെങ്കിലും തുലോം നിസാരം!
വനം-വന്യജീവി വകുപ്പ് മന്ത്രി എന്ന ഒറ്റക്കാരണത്താൽ തനിക്ക് അങ്ങനെയൊരു വെടിവച്ചു കൊല്ലൽ ചിന്തിക്കാനാകില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിസഹായനായി. വന്യജീവി സംരക്ഷണത്തിന്റെ കൂടി ചുമതലക്കാരനായാണ് താനീ വകുപ്പിൽ നിൽക്കുന്നതെന്ന് അദ്ദേഹം സഭയിലെ പേരുകേട്ട വന്യജീവി ശത്രുവായ സണ്ണി ജോസഫിനോട് ഉണർത്തിച്ചു.
വന്യമൃഗശല്യം മനുഷ്യജീവന് ഭീഷണിയാകുന്നെന്ന് കാട്ടിയാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത്. വന്യജീവികളെ സംരക്ഷിക്കേണ്ട മന്ത്രിയാണെങ്കിലും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണമുറപ്പാക്കുകയെന്ന ഭരണകൂടത്തിന്റെ ചുമതലകൂടി തനിക്കുണ്ടെന്ന് സണ്ണിയുടെ ഇംഗിതമറിഞ്ഞുള്ള മെയ് വഴക്കം പ്രകടിപ്പിച്ച് ശശീന്ദ്രൻ ബോധിപ്പിച്ചു.
വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യർക്ക് സംരക്ഷണമുറപ്പാക്കാൻ റെയിൽവേ ഫെൻസിംഗ്, സോളാർവേലി, ഹാംഗിംഗ് സോളാർ വേലി എന്നിത്യാദി സംരക്ഷണ സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
വന്യമൃഗശല്യത്തിന് മന്ത്രി പറഞ്ഞ ഈ 'സാന്ത്വനചികിത്സ'യൊന്നും സണ്ണി ജോസഫിനെ തൃപ്തനാക്കുന്നതായിരുന്നില്ല. സോളാർ ഫെൻസിംഗും മറ്റും കണ്ടാൽ മാത്രം വിരണ്ടുപോകാൻ വന്യജീവികൾ അത്ര മണ്ടന്മാരല്ലെന്ന് അദ്ദേഹത്തിനറിയാം. അമേരിക്കയിലെ യെല്ലോസ്റ്റോൺ പാർക്കിൽ കാട്ടുപോത്തുകളെ കണ്ടാലുടൻ വെടിവച്ചുകൊല്ലാൻ ഉത്തരവിറക്കിയത് പോലെയൊക്കെ നമ്മുടെ നാട്ടിലും വേണമെന്ന പക്ഷക്കാരനാണദ്ദേഹം. കേരളവനത്തിൽ എണ്ണായിരത്തിലധികം ആനകളുണ്ടെന്ന കണക്കദ്ദേഹം നിരത്തി. എല്ലാത്തിനെയും വെടിവച്ചുകൊല്ലാൻ കല്പിച്ചു കിട്ടിയാൽ അദ്ദേഹത്തിന് ബഹുസന്തോഷം. 'വന്യജീവി സംരക്ഷണത്തിന് നിയമമുണ്ടെങ്കിലും, മനുഷ്യന്റെ ജീവനാണ് സാർ പ്രധാനം' എന്ന് ഭരണഘടനാവകുപ്പൊക്കെ പറഞ്ഞ് അദ്ദേഹം വിലപിച്ചു. ആൾ അനിമൽസ് ആർ ഈക്വൽ, ബട്ട് സം ആർ മോർ ഈക്വൽ എന്ന് വിവക്ഷ. (ജോർജ് ഓർവെല്ലിനോട് കടപ്പാട്.)
സണ്ണിജോസഫിന്റെ പ്രസംഗം നീണ്ടപ്പോൾ സ്പീക്കർ എം.ബി. രാജേഷ് ഈ സഭാസമ്മേളനത്തിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന പുതിയ സമയനിയന്ത്രണ ബെല്ലിന്റെ ശബ്ദം മുഴക്കി. ആ ശബ്ദം ആനയെ വിരട്ടാൻ കൊള്ളാമെന്ന് സണ്ണി. ആന വിരളുന്ന ശബ്ദം കൊണ്ടുപോലും അങ്ങയെ നിയന്ത്രിക്കാനാകുന്നില്ലല്ലോയെന്ന സ്പീക്കറുടെ നിസ്സഹായത സത്യസന്ധമായിരുന്നു! നിയമസഭയിലെ വനംവകുപ്പിന്റെ സബ്ജക്ട് കമ്മിറ്റിയിൽ പത്ത് കൊല്ലമായി സീറ്റ് ചോദിച്ചുവാങ്ങി ഇരിക്കുന്ന സണ്ണിജോസഫിനെ കണ്ടാൽ പേടിക്കാത്ത ഒരു കാട്ടാനയും കാട്ടുപന്നിയും ജീവിച്ചിരിപ്പുണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേട്ട ആർക്കും ബോദ്ധ്യമായിക്കാണണം!
കാട്ടുമൃഗങ്ങളെ ഒരു നിയന്ത്രണവുമില്ലാതെ വെടിവച്ച് കൊല്ലാനൊന്നും അനുവദിക്കാനാവില്ലെന്ന് മന്ത്രി ശശീന്ദ്രൻ തീർത്തുപറഞ്ഞു. മദ്ധ്യമാർഗമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സ്വീകരിച്ചത്. വന്യജീവികളെ സംരക്ഷിക്കുക പ്രധാനമാണ്, മനുഷ്യന്റെ ഉപജീവനമാർഗം ഇല്ലാതാക്കുന്നത് തടയാനും ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട് എന്നദ്ദേഹം പറഞ്ഞു. വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും അവ നാട്ടിലേക്കിറങ്ങുന്നത് തടയാനുമൊക്കെയായി സമഗ്രപദ്ധതി അദ്ദേഹം ആവശ്യപ്പെട്ടു. ആസൂത്രണബോർഡിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രിയും പറഞ്ഞു. മന്ത്രിയുടെ നല്ല വാക്കുകേട്ട് വാക്കൗട്ട് പ്രസംഗം പ്രതിപക്ഷം ഉപേക്ഷിച്ചു. പദ്ധതി നല്ലനിലയിൽ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞത് വന്യജീവിക്ക് മനസിലാകുമോ എന്ന സ്വാഭാവികമായ സംശയം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കുണ്ടായതാണ് കഥയിലെ വഴിത്തിരിവ്.
സർവകലാശാലകൾക്കു കീഴിലെ കോളേജുകളിൽ യു.ജി.സി മാനദണ്ഡപ്രകാരം സ്വയംഭരണ കോഴ്സുകൾ അനുവദിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ നിഷ്കർഷിക്കുന്നതിനായി വിവിധ സർവകലാശാലാ നിയമങ്ങൾ ഭേദഗതി വരുത്തുന്ന രണ്ട് ബില്ലുകൾ സഭ ഇന്നലെ ചർച്ചയ്ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. ബിൽ ചർച്ചയിൽ അംഗങ്ങൾ കാട് കയറിപ്പോകാതിരിക്കാൻ ഏർപ്പെടുത്തിയ 12 മിനിറ്റ് പ്രസംഗമെന്ന അലിഖിത ധാരണ ഇന്നലെയും ഏശിയില്ല. ആദ്യബില്ലിന്റെ ചർച്ചയിൽ നിരാകരണപ്രമേയം അവതരിപ്പിച്ച പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ പ്രസംഗിക്കുമ്പോൾ നജീബ് കാന്തപുരത്തിന് ആദ്യസംശയമുണർന്നു. വളരെ ഉദാരമായി വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചെങ്കിലും പ്രൊഫ. തങ്ങൾ അങ്ങേയറ്റം ഉദാരവാനായിരുന്നു. അപ്പോൾ മറ്റുള്ളവരുമങ്ങനെയാവാതിരിക്കുന്നത് എങ്ങനെ?
സ്വയംഭരണ കോളേജുകൾക്ക് അതിന്റെ ഗുണഫലം പൂർണമായി കിട്ടാത്ത പൊളിറ്റിക്കൽ ഇന്റർവെൻഷൻ ആണെന്ന് തങ്ങൾ കുറ്റപ്പെടുത്തി.