jo

തിരുവനന്തപുരം: കേരളം ഞെട്ടിത്തരിച്ച കൂടത്തായി കൂട്ടക്കൊലപാതക പരമ്പര ദുരൂഹതകളുടെ കല്ലറക്കെട്ട് ഭേദിച്ചിട്ട് രണ്ടുവർഷം. ഭർത്താവും ഭർത്തൃ മാതാപിതാക്കളും പിഞ്ചുകുഞ്ഞും ബന്ധുവുമുൾപ്പെടെ ആറ് പേരുടെ ജീവനെടുത്ത സീരിയൽ കില്ലർ ജോളി ജുഡിഷ്യൽ കസ്റ്റഡിയിലാണ്. സ്വത്ത് തട്ടിയെടുക്കാനും ഇഷ്ടപ്പെട്ട വിവാഹം കഴിക്കാനുമായാണ് പത്താം ക്ലാസുകാരിയായ ജോളി എൻ.ഐ.ടി പ്രൊഫസർ ചമഞ്ഞ് അരുംകൊലകൾ നടത്തിയത്. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറു പേർ സമാന സാഹചര്യത്തിൽ മരിച്ചത്. രണ്ടു ഇടവകകളിലെ മൂന്നു കല്ലറകളിലായി അടക്കിയ അരഡസൻ മൃതദേഹങ്ങളുടെ ഭാഗങ്ങൾ പൊലീസ് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് കൊലപാതക പരമ്പരകളുടെ ചുരുളഴിഞ്ഞത്. ഒരു വർഷം മുമ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കൊവിഡ് കാരണം വിചാരണ ആരംഭിച്ചിട്ടില്ല.

 ഇരകൾ ഇവർ

1.റിട്ട.വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66)

2.ഭാര്യ റിട്ട.അദ്ധ്യാപിക അന്നമ്മ തോമസ്

3.മകൻ റോയ് തോമസ് (40)

4.അന്നമ്മയുടെ സഹോദരൻ എം.എം.മാത്യു മഞ്ചാടിയിൽ (68)

5.ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജു സ‌്കറിയയുടെ മകൾ ആൽഫൈൻ (2)

6.ഷാജു സ്കറിയയുടെ ഭാര്യ സിലി (44)

 തുമ്പുണ്ടാക്കിയത് ആ പരാതി

മാതാപിതാക്കളുടെയും സഹോദരന്റെയും മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ടോം തോമസിന്റെ മകൻ റോജോ തോമസ് നൽകിയ പരാതിയാണ് കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. റോയിയുടെ ഭാര്യ ജോളിയായിരുന്നു സംശയനിഴലിൽ. റോയിയുടെ മരണശേഷം ജോളി ടോം തോമസിന്റെ സഹോദരപുത്രനായ ഷാജുവിനെ വിവാഹം കഴിച്ചിരുന്നു.

 ജോലിക്ക് പോകാൻ നിർബന്ധിച്ചു, അന്നമ്മ ശത്രുവായി

ജോലിക്ക് പോകാനുള്ള സമ്മർദം ശക്തമായതിനെ തുടർന്നാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മ തോമസിനെ (57) കൊലപ്പെടുത്തിയത്.റോയ് തോമസിനെ വിവാഹം ചെയ്യാനായി, താൻ എം.കോം ബിരുദധാരിയാണെന്ന് ജോളി കള്ളം പറഞ്ഞു. ബികോം ഉള്ള സ്ഥിതിക്ക് ബി.എഡ് കൂടി എടുക്കാനുള്ള അന്നമ്മയുടെ നിർബന്ധത്തെ തുടർന്ന് പഠനത്തിനെന്ന പേരിൽ പാലായിലെത്തി ഒരു വർഷം താമസിച്ചു. ഇവിടെ ബി.എഡിന് ചേർന്നെങ്കിലും പഠനം തുടർന്നില്ല. കൂടത്തായിയിൽ തിരിച്ചെത്തിയപ്പോൾ ജോലിക്ക് പോകാൻ വീണ്ടും നിർബന്ധമായി. ഇതിൽ പൊറുതി മുട്ടിയ ജോളി ഡോഗ്കിൽ എന്ന നായ് വിഷം തരപ്പെടുത്തി അന്നമ്മയെ കൊല്ലാൻ നോക്കി. ദേവഗിരി എന്ന പേരിൽ കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിൽനിന്ന് കുറിപ്പടിയും സമീപത്തെ ഷോപ്പിൽനിന്ന് വിഷവും വാങ്ങി. ജൂലൈ 29ന് അന്നമ്മയ്ക്ക് ആട്ടിൻ സൂപ്പിൽ കലർത്തി നൽകിയെങ്കിലും ശ്രമം വിജയിച്ചില്ല. ആഗസ്റ്റിൽ കട്ടപ്പനയിൽനിന്ന് പിതാവ് കാണാൻ വരുന്നെന്ന വിവരമറിഞ്ഞതോടെ ജോലിക്കാര്യത്തിൽ സംസാരമുണ്ടാകുമെന്ന് ഭയന്ന് ‘ഡോഗ് കിൽ’ എന്ന വിഷം ആട്ടിൻസൂപ്പിൽ കലർത്തി നൽകി.

 ടോംതോമസിനെ കൊന്നത് സ്വത്ത് കൈക്കലാക്കാൻ

ആദ്യഭർത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസിനെ സയനൈഡ് നിറച്ച ക്യാപ്‌സ്യൂൾ നൽകിയാണ് കൊന്നത്. വൈകിട്ട് ചായയും കപ്പപ്പുഴുക്കും കഴിച്ച ടോമിന് സന്ധ്യാപ്രാർത്ഥനയ്ക്ക് തൊട്ടുമുമ്പ് ജോളി ക്യാപ്‌സ്യൂൾ നൽകി. ടോമിന് ഫുഡ് സപ്ലിമെന്റ് ഗുളികയായ മഷ്റൂം ക്യാപ്‌സ്യൂൾ കഴിക്കുന്ന ശീലമുണ്ടായിരുന്നു. പ്രാർത്ഥനയ്‌ക്കിടെ കുഴഞ്ഞുവീണ ടോമിന്റെ വായിൽനിന്നു നുരയും പതയും വന്നു. വെള്ളമെടുക്കാനായി അടുക്കളയിൽ പോയ ജോളി 10 മിനിട്ട് കഴിഞ്ഞാണ് വെള്ളവുമായി വന്നത്. ടോമിനെ ആശുപത്രിയിലെത്തിക്കാൻ അയൽവാസികൾ കാർ ആവശ്യപ്പെട്ടെങ്കിലും താക്കോൽ നൽകാതെ ജോളി സമയം വൈകിപ്പിച്ചു. ഒടുവിൽ ആട്ടോറിക്ഷയിൽ ടോമിനെ ഓമശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ടോം തോമസ് തന്റെ പേരിലുള്ള 1.28 ഏക്കർ വിറ്റുകിട്ടിയ 18 ലക്ഷം രൂപ ജോളിക്ക് നൽകിയിരുന്നു. കുടുംബസ്വത്തിൽ റോയ് തോമസിന്റെ ഓഹരിയാണിതെന്നും ബാക്കിയുള്ള സ്വത്തിൽ റോയിക്ക് അവകാശമില്ലെന്നും ടോം പറഞ്ഞു. സ്ഥലം വിറ്റുകിട്ടിയ പണം തീർന്നതോടെ ടോമിന്റെ വീടും പുരയിടവും സ്വന്തമാക്കാനായിരുന്നു കൊല.


 ആദ്യ ഭർത്താവിനും സയനൈഡ് നൽകി

കടലക്കറിയിലും വെള്ളത്തിലും സയനൈഡ് നൽകിയാണ് ജോളി ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. ഭർതൃപിതാവിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാനും ജോലിയും വരുമാനമുള്ള ഒരാളെ വിവാഹം കഴിക്കാനുമായിരുന്നു റോയിയെ കൊലപ്പെടുത്തിയത്. റോയിയുടെ അമിത മദ്യപാനം ജോലിയും വരുമാനവും ഇല്ലാത്ത അവസ്ഥ, ജോളിയുടെ വിവാഹേതര ബന്ധങ്ങൾ ചോദ്യം ചെയ്തതിലുള്ള വിരോധം എന്നിവ കൊലയ്‌ക്ക് കേസിൽ ജോളിയുൾപ്പെടെ അഞ്ച് പ്രതികളാണുള്ളത്. സയനൈഡ് തരപ്പെടുത്തിയ എം.എസ്.മാത്യു, സ്വർണപ്പണിക്കാരനായ കെ. പ്രജികുമാർ,​ ടോം തോമസിന്റെ പേരിലുള്ള വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ച സി.പി.എം മുൻ ലോക്കൽ സെക്രട്ടറി കെ.മനോജ്കുമാർ, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി സി.വിജയകുമാർ എന്നിവരാണ് മറ്റ് പ്രതികൾ.

#റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിന്റെ വിരോധം

മദ്യത്തിലും വെളളത്തിലും സയനൈഡ് കലർത്തി നൽകിയാണ് ജോളി ആദ്യഭർത്താവ് റോയ് തോമസിന്റെ മാതൃസഹോദരനായ മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതും റോയിയുടെ മരണശേഷം സ്വത്തുക്കൾ ജോളിക്ക് നൽകരുതെന്ന് ബന്ധുക്കളോട് പറഞ്ഞതുമാണ് കൊലപാതക കാരണം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഭാര്യ കട്ടപ്പനയിലേക്ക് പോയതിനാൽ വീട്ടിൽ തനിച്ചായിരുന്ന മാത്യുവിനെ ബാഗിൽ സൂക്ഷിച്ച സയനൈഡ് കലർത്തിയ മദ്യം നൽകിയാണ് കൊന്നത്. മാത്യുവിന് മദ്യം നൽകിയ ശേഷം വീട്ടിലേക്ക് പോയ ജോളി മൂന്നു മണിക്കൂറിന് ശേഷം ഇളയമകനെ കൂട്ടി വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി. ഛർദിച്ച് അവശനായ മാത്യുവിന് ജോളി സയനൈഡ് കലർത്തിയ വെള്ളമാണ് ജോളി നൽകിയത്. തുടർന്ന് ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മാത്യു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ബന്ധുക്കൾ കരുതിയിരുന്നത്. മരണം നടന്ന ആശുപത്രിയിലെ രേഖകളിൽ മാത്യുവിന് ആൻജിയോപ്ലാസ്റ്റി നടത്തിയിരുന്നതായി രേഖപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണത്തിൽ മാത്യു പൂർണ ആരോഗ്യവാനായിരുന്നെന്നും ഹൃദയാഘാതം വരാനുള്ള സാദ്ധ്യതയില്ലെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തി. മാത്യുവിന് ആൻജിയോപ്ലാസ്റ്റി നടത്തിയിരുന്നുവെന്ന് മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ജോളിയാണ്പറഞ്ഞതെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോ ജോളിയാണ് പിന്നിലെന്ന് പൊലീസിന് വ്യക്തമായി.

 ബ്രെഡ്ഡിൽ സയനൈഡ് കലർത്തി കൈക്കുഞ്ഞിനെ കൊന്നു

ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സക്കറിയയുടെ ആദ്യവിവാഹത്തിലെ മകൾ ആൽഫൈനിനെ ജോളി കൊലപ്പെടുത്തിയത് ബ്രഡ്ഡിൽ സയനൈഡ് പുരട്ടിയാണ്. ആൽഫൈനിന്റെ സഹോദരന്റെ ആദ്യ കുർബാന ദിവസമായിരുന്നു കൊലപാതകം. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണെന്നും അപസ്മാര സാദ്ധ്യതയുണ്ടെന്നും ജോളി പറഞ്ഞു. ഷാജുവിനെ വിവാഹം കഴിക്കുമ്പോൾ കുട്ടി ഒരു ബാദ്ധ്യതയാകുമെന്ന് കരുതിയാണ് ജോളി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കുറ്റപത്രം.

 സിലിയെയും കൊന്നു
ഷാജു സ്‌കറിയയെ വിവാഹം കഴിക്കാനാണ് അയാളുടെ ആദ്യ ഭാര്യ സിലിയെ ജോളി കൊന്നത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ജോളിക്കൊപ്പമാണ് സിലി സംഭവദിവസം താമരശേരിയിലെത്തിയത്. സിലിയുടെ മൂത്തമകനും ജോളിയുടെ മകനും ഇവർക്കൊപ്പമുണ്ടായിരുന്നു. വിവാഹസൽക്കാരം അവസാനിച്ച ശേഷം ഇരുവരും ഷാജുവും താമരശ്ശേരി ടൗണിലെത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കാനായി ഇവരും മക്കളും പോയി. ഷാജു ഡോക്ടറെ കാണാനായി അകത്തു കയറിയപ്പോൾ സിലിയും ജോളിയും വരാന്തയിൽ കാത്തിരുന്നു. താമരശ്ശേരി വഴി പോകുകയായിരുന്ന സിലിയുടെ സഹോദരനും ഇവരെ കാണാനായി ഈ സമയം ആശുപത്രിയിലെത്തി. സഹോദരനെത്തുമ്പോൾ ജോളിയുടെ മടിയിലേക്ക് സിലി കുഴഞ്ഞുവീണ നിലയിലായിരുന്നു. വായിൽനിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. സഹോദരൻ ഉടൻ ഷാജുവിനെ വിവരമറിയിച്ചു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ക്യാപ്‌സ്യൂളിൽ സയനൈഡ് നിറച്ചായിരുന്നു കൊല. സമീപത്ത് ആശുപത്രി ഉണ്ടായിട്ടും 12 കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ജോളി മരണം ഉറപ്പാക്കി. ആശുപത്രിയിൽ വച്ച് വെള്ളം ആവശ്യപ്പെട്ടപ്പോഴും ജോളി സിലിക്ക് സയനൈഡ് കലർത്തിയ വെള്ളമാണ് നൽകിയത്