fami

കിളിമാനൂർ: എല്ലാവർക്കും വീട്, എല്ലാവർക്കും വൈദ്യുതി എന്ന് സർക്കാർ പറയുമ്പോഴും പത്ത് വർഷമായി നഗരൂർ പഞ്ചായത്ത് അധികൃതരുടെ അവഗണനയിൽ ഒരു ദളിത് കുടുംബം. ദർശനാവട്ടം അത്തിക്കുഴി വീട്ടിൽ ഉഷയും കുടുംബവുമാണ് പഞ്ചായത്തിന്റെ കനിവിനായി കാത്തിരിക്കുന്നത്.

ഭൂരഹിതയായിരുന്ന ഉഷയ്ക്ക് പത്ത് വർഷം മുൻപ് വീട് വയ്ക്കാൻ മൂന്ന് സെന്റ് വസ്തു അന്നത്തെ നഗരൂർ പഞ്ചായത്ത് ഭരണസമിതി വാങ്ങി നൽകി. ഈ സ്ഥലത്ത് ചെറിയൊരു കൂര നിർമ്മിച്ചെങ്കിലും ഇതിന് വീട്ട് നമ്പർ നൽകിയില്ല. നിലം നികത്തിയ വസ്തുവിലാണെന്ന കാരണത്താൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ അപേക്ഷ നിരസിക്കുകയായിരുന്നു. എന്നാൽ ഇവർ ഇപ്പോഴും പുരയിടത്തിന് കരം അടയ്ക്കുന്നുണ്ട്. പ്രമാണത്തിലും പുരയിടമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വീട് നമ്പർ ലഭിക്കാത്തതു കാരണം വൈദ്യുതി കണക്‌ഷനും എടുക്കാനായില്ല. മര തണ്ടുകളിൽ ടാർപ്പോളിൻ കെട്ടിമറച്ച വീട്ടിൽ ഭർത്താവ് മോഹനനും വിദ്യാർത്ഥികളായ രണ്ട് പെൺമക്കളുമാണ് താമസിക്കുന്നത്. എട്ടിലും നാലിലും പഠിക്കുന്ന കുട്ടികളുടെ പഠനം ഓൺലൈനായതോടെ നിർദ്ധന കുടുബത്തിന്റെ ബുദ്ധിമുട്ടറിഞ്ഞ ഒരു വിദ്യാർത്ഥി സംഘടന മൊബൈൽ വാങ്ങി നൽകി. എന്നാൽ മൊബൈൽ ചാർജ് ചെയ്യാൻ അയൽവീടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവർക്ക്.

വീടിന് അപേക്ഷിക്കാനും റേഷൻകാർഡിനും വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിനും വീട്ടുനമ്പർ വേണം. ഇതൊന്നും പഞ്ചായത്ത് പരിഗണിക്കുന്നില്ലെന്നാണ് ഉഷ പറയുന്നത്. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടും വൈദ്യുതി കണക്‌ഷനും സ്വപ്നംകാണുന്ന നിർദ്ധന ദളിത് കുടുംബം പഞ്ചായത്തിന്റെ കനിവിനായി കാത്തിരിക്കുകയാണ്.