ബാലരാമപുരം: അധികൃതരുടെ കെടുകാര്യസ്ഥതമൂലം ബാലരാമപുരം-കാട്ടാക്കട റോഡ് നവീകരണം വൈകിപ്പിക്കുന്നതിനെതിരെ നാട്ടുകാർ പ്രക്ഷോപത്തിനൊരുങ്ങുന്നു. ദേശീയപാത അതോറിട്ടി നാല് വർഷം മുമ്പ് ഫണ്ട് അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് രണ്ട് വർഷം മുമ്പ് നിർമ്മാണം തുടങ്ങിയെങ്കിലും കരാറുകാരന്റെ മരണത്തെ തുടർന്ന് ടാറിംഗ് ജോലികൾ അനിശ്ചിതത്വത്തിലാവുകയായിരുന്നു.
കണ്ടല, അരുമാളൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ റോഡിനു നടുവിൽ വൻകുഴികൾ രൂപപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. 10.65 കോടി രൂപയാണ് റോഡിന്റെ നിർമ്മാണത്തിനും ഓട നവീകരണത്തിനുമായി അനുവദിച്ചിരിക്കുന്നത്.
നാട്ടുകാരുടെ പരാതി ശക്തമായതോടെ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് കുഴികൾ രൂപപ്പെട്ട തണ്ണിക്കുഴി ജംഗ്ഷൻ, തേമ്പാമുട്ടം, ചാനൽപ്പാലം ജംഗ്ഷൻ എന്നിവിടങ്ങളിൽ മെറ്റൽ പാകി കുഴികളടച്ച് താത്കാലിക പരിഹാരം കണ്ടിരുന്നു.
റോഡ് - ഓട നവീകരണത്തിന് അനുവദിച്ചത് - 10.65 കോടി രൂപ
ഓട നവീകരണം പാളി
കാട്ടാക്കട ബസ് സ്റ്റാൻഡ്, മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ ഓട നവീകരണം ഭാഗികമാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ബാലരാമപുരം മുതൽ കാട്ടാക്കട വരെ ഓടയിൽ നിന്ന് ചെളി നീക്കംചെയ്തെങ്കിലും മഴവെള്ളമിറങ്ങി ഓടയിലെ ഭിത്തികളും കോൺക്രീറ്റ് സ്ലാബുകളും പൊട്ടിയ നിലയിലാണ്. ടാറിംഗിനോടൊപ്പം റോഡിനിരുവശത്തെ ഓട നവീകരിച്ച് പുതിയ സ്ലാബുകൾ സ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ അറിയിച്ചു.
ബി.ജെ.പി സമരത്തിലേക്ക്
നാല് വർഷം മുമ്പ് റോഡ് ഫണ്ട് അനുവദിച്ച് സർക്കാരിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും അനാസ്ഥമൂലം പാതിവഴിയിലായ ബാലരാമപുരം-കാട്ടാക്കട റോഡിന്റെ നിർമ്മാണം അടിയന്തരമായി പുനഃരാരംഭിക്കണമെന്ന് ബി.ജെ.പി മാറനല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ കരാറുകാരൻ നിർമ്മാണ ജോലികൾ പൂർണമായും ഉപേക്ഷിച്ചിരുന്നു. പുതിയ കരാറുകാരൻ വർക്ക് ഏറ്റെടുത്തെങ്കിലും റോഡ് നവീകരണത്തിന് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മരാമത്ത് ഉദ്യോഗസ്ഥരുമായി ബി.ജെ.പി നേതൃത്വം നിരവധി പരാതികൾ അറിയിച്ചിട്ടും ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് റോഡ് നവീകരണം വൈകിപ്പിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ടാറിംഗ് ജോലികൾ തുടങ്ങിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മാറനല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ബി.ജെ.പി നേതാവുമായ തൂങ്ങാംപാറ ബാലകൃഷ്ണൻ പറഞ്ഞു.