തിരുവനന്തപുരം: മുനമ്പത്ത് അടിക്കടിയുണ്ടാകുന്ന ബോട്ടപകടങ്ങൾ കുറയ്ക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.
ഈ മേഖലയിൽ അടിക്കടി അപകടങ്ങളുണ്ടാകുന്നത് സർക്കാർ ഗൗരവമായാണ് കാണുന്നത്. എന്നാൽ ഈ സ്ഥലം ഫിഷറീസ് വകുപ്പിന്റെ അധികാര പരിധിയിലല്ല. പൂർണമായും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ അധികാര പരിധിയിലാണ്. അതിനാൽ ഫിഷറീസ് വകുപ്പിന് ഇവിടെ ഇടപെടുന്നതിൽ പരിമിതിയുണ്ട്. ഇത് പരിഹരിക്കാൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ജില്ലാ ഭരണകൂടം, ഫിഷറീസ് വകുപ്പ്, ദുരന്തനിവാരണ വിഭാഗം, മാരിടൈം ബോർഡ് എന്നിവരുടെ സംയുക്തയോഗം ഉടൻ വിളിച്ചു ചേർക്കും. ആവശ്യമെങ്കിൽ പ്രദേശം ഡീനോട്ടിഫൈ ചെയ്യുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചും ആലോചിക്കും.
മുനമ്പം മേഖലയിൽ അടിക്കടി അപകടങ്ങളുണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ എൻജിൻ തകരാറും സാങ്കേതിക തകരാറുകളുമാണ്. അപകടം ഉണ്ടാകുന്ന അവസരത്തിൽ ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസുകൾ സ്ഥലത്തെത്തി ആവശ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്. അപകടം ഉണ്ടാകാതിരിക്കാൻ സിഗ്നൽ ലൈറ്റുകൾ അടക്കം സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ആഗസ്റ്റിലുണ്ടായ രണ്ട് അപകടങ്ങളും സിഗ്നൽ ലൈറ്റ് ആരോ മുറിച്ചുകളഞ്ഞതു കൊണ്ട് ഉണ്ടായതാണെന്ന റിപ്പോർട്ടാണ് കിട്ടിയിട്ടുള്ളത്. അപകടത്തിന് മറ്റൊരു കാരണം മണൽ അടിയുന്നതാണ്. മത്സ്യബന്ധനം നടത്തിയിരുന്ന യാനങ്ങൾ തകർന്ന് അവിടെ കിടക്കുന്നതും അപകടത്തിനിടയാക്കുന്നുണ്ട്. എന്നാൽ ഇത് നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ നിലവിൽ വകുപ്പിനില്ല.
കടലിൽ വച്ച് മത്സ്യത്തൊഴിലാളികൾ മരിച്ചാൽ ഇൻഷ്വറൻസ് ലഭിക്കാത്ത സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ ഇൻഷ്വറൻസ് കമ്പനികളുമായി ചർച്ച നടത്തിവരികയാണ്. നഷ്ടപരിഹാരം സംബന്ധിച്ചും സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.