വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിലെ രണ്ടു ഹൈമാസ്റ്റ് ലൈറ്റുകൾ കത്താതായിട്ട് ഒരു മാസത്തോളമാകുന്നു. വർക്കല നഗരസഭയുടെയും വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന പുത്തൻചന്ത ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റും, മേൽവെട്ടൂർ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുമാണ് കത്താത്തതായിട്ടുള്ളത്.

കൂടാതെ പുത്തൻചന്ത മുതൽ വിളഭാഗം വരെയുള്ള തെരുവ് വിളക്കുകളിൽ പലതും കത്തുന്നില്ലെന്നും പരാതിയുണ്ട്. വെട്ടൂർ ഗ്രാമപഞ്ചായത്ത്, കെ.എസ്.ഇ.ബി എന്നിവർക്ക് നാട്ടുകാർ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

നാല് പ്രധാന റോഡുകൾ സംഗമിക്കുന്ന പുത്തൻ ചന്തയിൽ ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രി, നൂറോളം വ്യാപാരസ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഹൈമാസ്റ്റ് ലൈറ്റുകൾ കത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകമോർച്ച ജില്ലാ കമ്മിറ്റി അംഗം അനിൽ വെട്ടൂർ പഞ്ചായത്ത് സെക്രട്ടറി, വൈദ്യുതി വകുപ്പ് എന്നിവർക്ക് പരാതി നൽകി.