തിരുവനന്തപുരം: അന്നം തരുന്ന കർഷകരെ ദ്രോഹിക്കുന്ന രാക്ഷസീയ സംസ്കാരമാണ് ബി.ജെ.പിക്കുള്ളതെന്ന് മുൻ എം.എൽ.എ തമ്പാനൂർ രവി പറഞ്ഞു. വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേയാട് പള്ളിമുക്കിൽ സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തികച്ചും സമാധാനപരമായി നടക്കുന്ന സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് ഫാസിസ്റ്റ് ഭരണാധികാരികളുടെ ശ്രമം. എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ബ്രട്ടീഷ് കമ്പനിയുടെ കാർബൺ കോപ്പിയായി ബി.ജെ.പി മാറി. ജനാധിപത്യത്തെ നോക്കുകുത്തിയാക്കി കശാപ്പുകാരന്റെ മനോഗതിയുമായി മുന്നോട്ട് പോകാനാണ് ശ്രമമെങ്കിൽ അതിനെ മഹാത്മാഗാന്ധി പഠിപ്പിച്ചുതന്ന സമരമാർഗത്തിലൂടെ കോൺഗ്രസ് നേരിടുമെന്നും തമ്പാനൂർ രവി പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ബാബുകുമാർ അദ്ധ്യക്ഷത വഹിച്ചു. മലയൻകീഴ് വേണുഗോപാൽ, പേയാട് ശശി, ശോഭനകുമാരി, പങ്കജാക്ഷൻ, കൊറ്റയിൽ മോഹൻ, എം.ആർ. ബൈജു, മലയിൽ ശ്രീകണ്ഠൻ, മണ്ഡലം പ്രസിഡന്റുമാരായ ബൈജു, ജയൻ, ഗോപൻ, ബിജു, വിനോദ് രാജ്, രാകേഷ്, ജോൺ എന്നിവർ പങ്കെടുത്തു.