തിരുവനന്തപുരം: രാജ്യത്തെ ഒരു നഗരസഭയിലും കേട്ടുകേൾവി പോലും ഇല്ലാത്ത അഴിമതി കഥകളാണ് തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. നഗരസഭയിലെ കെട്ടിട നികുതി വെട്ടിപ്പിനെതിരെ നഗരസഭാ കവാടത്തിൽ യു.ഡി.എഫ് നടത്തിയ കൂട്ട സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ അടച്ച കെട്ടിട നികുതി ഉദ്യോസ്ഥർക്ക് തന്നിഷ്ടം പോലെ തട്ടിക്കൊണ്ടുപോകാൻ സാധിക്കില്ല. ഭരണസമിതിയുടെ പിന്തുണയോ വിട്ടുവീഴ്ചയോ ഇതിന് പിന്നിലുണ്ട്. നഗര ഭരണം അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റാൻ സി.പി.എം മേയറെ കളിപ്പാവയാക്കുകയാണെന്ന് സുധാകരൻ ആരോപിച്ചു. പട്ടികജാതി ക്ഷേമഫണ്ട് അടക്കം അട്ടിമറിച്ചു. കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ. മുരളീധരൻ എം.പി, മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, ബാബു ദിവാകരൻ, എം. വിൻസെന്റ് എം.എൽ.എ, കൗൺസിലർമാരായ പി. പദ്മകുമാർ, ജോൺസൺ ജോസഫ്, ശ്യാംകുമാർ, മേരി പുഷ്പം, ആക്കുളം സുരേഷ്, നേതാക്കളായ ടി. ശരത്ചന്ദ്ര പ്രസാദ്, റാംമോഹൻ, കെ. മോഹൻ കുമാർ, നെയ്യാറ്റിൻകര സനൽ, ബീമാപ്പള്ളി റഷീദ്, എം.പി. സാജു, കരുമം സുന്ദരേശൻ, ഇറവൂർ പ്രസന്നകുമാർ, തോന്നക്കൽ ജമാൽ, എം.എ. വാഹീദ്, ജി.എസ്. ബാബു, എം.ആർ. മനോജ്, ടി. ബഷീർ, ആനാട് ജയൻ, കാരക്കാമണ്ഡപം രവി എന്നിവർ പങ്കെടുത്തു.