തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണം സി.പി.എം നേതൃത്വത്തിലുള്ള ഒരു സംഘം മാഫിയകളുടെ കൈയ്യിലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നഗരസഭയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും പ്രതികളെ അറസ്റ്റുചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ല. പാർട്ടിയുടെ നേതൃത്വത്തിലുള്ള ഫണ്ട് തട്ടിപ്പ് മാഫിയ പ്രവർത്തിക്കുന്നെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്താൽ പല ബാങ്ക് ഉദ്യോഗസ്ഥരും ഉന്നത രാഷ്ട്രീയ നേതാക്കളും കുടുങ്ങും. അതിനാലാണ് സി.പി.എം സ്വാധീനത്താൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തത്. കോർപ്പറേഷൻ ഭരണ സമിതി തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നത്. എല്ലാം പരിഹരിച്ചു എന്ന് വ്യാജ വാർത്ത സൃഷ്ടിക്കുകയാണ്. നികുതി തട്ടിപ്പിനെതിരെയുള്ള സമരങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് നഗരസഭയിലേക്ക് ബി.ജെ.പി മാർച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്യും. തട്ടിപ്പ് നടത്തിയ നേമം സോണലിലെ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നാളെ ഫോർട്ട് എ.സിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. 11ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. ഇന്നലെ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ബി.ജെ.പി കൗൺസിലർമാർ കഞ്ഞി വച്ച് പ്രതിഷേധിച്ചിരുന്നു.