തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലൻസ് പഠനം പൂർത്തിയായതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. സമഗ്രമായ റിപ്പോർട്ട് അടുത്ത ദിവസം തന്നെ പ്രസിദ്ധീകരിക്കും. കൊവിഡ് വന്നതിലൂടെയോ വാക്സിൻ എടുത്തതിലൂടെയോ ഒരു വ്യക്തിയുടെ ശരീരത്തിൽ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പഠനം. സംസ്ഥാനത്ത് 93 ശതമാനത്തിലധികംപേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. നല്ല രീതിയിൽ രണ്ടാം ഡോസ് വാക്സിനും നൽകാനായി. രണ്ടാം തരംഗത്തിൽ കുറേപേർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇത് രണ്ടും കൂടി കണക്കിലെടുത്താൽ കൂടുതൽപേർ പ്രതിരോധം കൈവരിച്ചിട്ടുണ്ടാകും. പുതിയ മാർഗ നിർദേശങ്ങൾക്കനുസരിച്ചാണ് കൊവിഡ് മരണങ്ങൾ ചേർക്കുന്നതെന്നും മന്ത്രി പറഞ്ഞു.