തിരുവനന്തപുരം: പഴവങ്ങാടിയിൽ ട്രാഫിക് നിയമം ലംഘിച്ച് പാർക്ക് ചെയ്‌ത വാഹനം മാറ്റാൻ ആവശ്യപ്പെട്ട എ.എസ്‌.ഐയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ്‌കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഫോർട്ട് എ.സി, ഡി.സി.പി എന്നിവരുടെ റിപ്പോർട്ടിനെ തുടർന്ന് തിരുവനന്തപുരം സൗത്ത് സോൺ ഐ.ജി ഹർഷിത അട്ടലൂരിയാണ് നടപടിയെടുത്തത്. തിരുവനന്തപുരം ഡി.സി.ആർ.ബി ഡിവൈ.എസ്.പിക്കാണ് തുടർഅന്വേഷണത്തിന്റെ ചുമതല. ഇദ്ദേഹത്തിന് മുന്നിൽ 14 ദിവസത്തിനകം രാജേഷ്‌കുമാർ തെളിവെടുപ്പിന് ഹാജരാകണം.

സെപ്തംബർ 30ന് വൈകിട്ട് അഞ്ചോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ജവഹർ നോപാർക്കിംഗ് ബോർഡിന് നേരെ പാർക്ക് ചെയ്തിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടു. കാറിലുണ്ടായിരുന്ന രാജേഷ്‌കുമാർ ഇതിന് തയാറാകാതെ ജവഹറിനോട് കയർത്തു. കാറിന്റെ ചിത്രം എ.എസ്.ഐ പകർത്താൻ ശ്രമിച്ചതോടെ പ്രകോപിതനായ എസ്.എച്ച്.ഒ ഫോൺ പിടിച്ചുവാങ്ങി കാറിനുള്ളിൽ എറിഞ്ഞു പൊട്ടിച്ച് അസഭ്യവർഷം നടത്തുകയായിരുന്നു. കാറിന്റെ ഗ്ലാസിൽ തട്ടി തുറക്കാനാവശ്യപ്പെട്ടിട്ടും തുറക്കുകയോ ഫോൺ തിരികെ നൽകുകയോ ചെയ്തില്ല. ജവഹർ വയർലെസിലൂടെ ട്രാഫിക് പട്രോൾ സംഘത്തെ വിവരമറിയിച്ചു. സ്ഥലത്തെ എയ്ഡ്‌പോസ്റ്റിൽ ഉണ്ടായിരുന്ന പൊലീസുകാരും സ്ഥലത്തെത്തി. എന്നിട്ടും വാഹനം മാറ്റാൻ തയാറാകാതെ എസ്.എച്ച്.ഒ അസഭ്യവർഷം തുടർന്നു. ചീറ്റ ടീമിലെ എസ്.ഐ ഇടപെട്ടപ്പോൾ അദ്ദേഹത്തോടും തട്ടിക്കയറി. വാഹനം പിടിച്ചെടുക്കാൻ നടപടി ആരംഭിച്ചപ്പോഴാണ് താൻ എസ്.എച്ച്.ഒ ആണെന്ന് രാജേഷ് കുമാർ വെളിപ്പെടുത്തിയതും പൊട്ടിച്ച ഫോൺ തിരികെ നൽകിയതും.